Home Keralaആഡംബര കാറിനടിയിൽ രഹസ്യ ലോക്കർ; നിസാറിന്റെയും ഷമീമിന്റെയും ലഹരിക്കടത്ത് പൊളിച്ച് പൊലീസ്, 95 ഗ്രാം എംഡിഎംഎ പിടികൂടി

ആഡംബര കാറിനടിയിൽ രഹസ്യ ലോക്കർ; നിസാറിന്റെയും ഷമീമിന്റെയും ലഹരിക്കടത്ത് പൊളിച്ച് പൊലീസ്, 95 ഗ്രാം എംഡിഎംഎ പിടികൂടി

by news_desk1
0 comments

ഇരിട്ടി: ആഡംബര കാറിന്റെ അടിഭാഗത്ത് രഹസ്യമായി ഒളിപ്പിച്ച 95 ഗ്രാം എംഡിഎംഎ പിടികൂടി. വളപട്ടണം സ്വദേശി ഷമീം (ചാണ്ടി ഷമീം–45), കൊളച്ചേരി സ്വദേശി നിസാർ (35) എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ പൊലീസ് പരിശോധനയ്ക്കിടെ വാഹനം നിർത്താതെ കടന്നുപോകാൻ ശ്രമിച്ചതിനെ തുടർന്നാണ് ഇരുവരും പിടിയിലായത്.

ഓഗസ്റ്റ് ഏഴിന് കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ പൊലീസ്, ഡാൻസാഫ് സംഘം എന്നിവർ ചേർന്ന് വാഹനപരിശോധന നടത്തുന്നതിനിടെയാണ് കർണാടക രജിസ്ട്രേഷനിലുള്ള കാർ എത്തിയത്. വാഹനം നിർത്താൻ പൊലീസ് സിഗ്നൽ നൽകിയെങ്കിലും അമിതവേഗത്തിൽ കടന്നുപോയി. തുടർന്ന് വിവരം കൺട്രോൾ റൂമിൽ അറിയിക്കുകയും ഇരിട്ടി പൊലീസും ഡാൻസാഫ് സംഘവും വാഹനത്തെ പിന്തുടർന്ന് തിരച്ചിൽ നടത്തുകയും ചെയ്തു.

വള്ളിത്തോട് കുന്നോത്ത് പറമ്പിലെ ഒഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തിയിട്ട നിലയിൽ കണ്ടെത്തി. വാഹനം നിർത്താതെ പോയതിന്റെ കാരണം ചോദിച്ചപ്പോൾ വർക്ക് ഷോപ്പിലേക്ക് പോകുകയായിരുന്നുവെന്നാണ് പ്രതികൾ പറഞ്ഞത്. പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെങ്കിലും പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ചതോടെ വിശദമായ വാഹന പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചു.

വധശ്രമം, കയ്യേറ്റം, തീവെപ്പ് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ് നിസാറെന്ന് പൊലീസ് അറിയിച്ചു. വളപട്ടണം പൊലീസ് സ്റ്റേഷനിൽ 13 കേസുകളും പഴയങ്ങാടി, കണ്ണൂർ ടൗൺ, നാദാപുരം സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുമുണ്ട്. ഷമീമിനെതിരെ വളപട്ടണം പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി നാല് വാഹനങ്ങൾ കത്തിച്ച കേസ്, വധശ്രമം, നാദാപുരം എസ്.ഐയെ ഭീഷണിപ്പെടുത്തിയ കേസ്, കയ്യേറ്റക്കേസ് എന്നിവ ഉൾപ്പെടെ 16ഓളം ക്രിമിനൽ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.

തുടർന്ന് ക്രെയിൻ ഉപയോഗിച്ച് കാർ ഉയർത്തി അടിഭാഗം പരിശോധിച്ചപ്പോഴാണ് രഹസ്യസംവിധാനം കണ്ടെത്തിയത്. കാറിന്റെ ചേസിസിനടിയിൽ മൾട്ടി ലെയർ പ്ലാസ്റ്റിക് കവറുകളിൽ എംഡിഎംഎ പാക്ക് ചെയ്ത്, ഇരുമ്പ് ഭാഗങ്ങളിൽ ശക്തമായി ഒട്ടിപ്പിടിക്കുന്ന നിയോഡീമിയം കാന്തങ്ങൾ ഉപയോഗിച്ച് പ്രത്യേക ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വാഹനം കസ്റ്റഡിയിലെടുത്തു. ലഹരിക്കടത്തിന് പിന്നിലെ ശൃംഖലയെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായി ഇരിട്ടി പൊലീസ് അറിയിച്ചു.

You may also like