തിരുവനന്തപുരം: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി നടപ്പാക്കുന്ന സമഗ്ര പാക്കേജായ ‘സ്നേഹസാന്ത്വനം’ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ 14.40 കോടി രൂപയുടെ ഭരണാനുമതി നൽകി. 2026-27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിലെ ധനാഭ്യർത്ഥനയിൽ ഉൾപ്പെടുത്തി സാമൂഹ്യനീതി വകുപ്പ് വഴിയാണ് തുക അനുവദിച്ചത്.
അനുവദിച്ച തുകയിൽ പ്രധാന പങ്കും ദുരിതബാധിതർക്കുള്ള നേരിട്ടുള്ള സാമ്പത്തിക ആശ്വാസത്തിനായാണ് വിനിയോഗിക്കുക. നിലവിൽ ധനസഹായം ലഭിക്കുന്ന 5,208 ഗുണഭോക്താക്കൾക്ക് 2026 ഏപ്രിൽ മുതൽ 2027 മാർച്ച് വരെയുള്ള മാസാന്ത ആശ്വാസധനസഹായത്തിനായി 9,84,31,200 രൂപ വകയിരുത്തി. പുതുതായി പട്ടികയിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന 1,000 ഗുണഭോക്താക്കൾക്കായി 2,64,00,000 രൂപയും മാറ്റിവെച്ചിട്ടുണ്ട്.
ദുരിതബാധിതരെ പരിചരിക്കുന്ന 771 കെയർ ഗിവേഴ്‌സിന് നൽകുന്ന മാസാന്ത ധനസഹായമായ ‘ആശ്വാസകിരണം’ പദ്ധതിക്കായി 64,76,400 രൂപയും അനുവദിച്ചു. ദുരിതബാധിത കുടുംബങ്ങളിലെ 400 കുട്ടികളുടെ 2026-27 അധ്യയന വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി 10,05,000 രൂപയും വകയിരുത്തിയിട്ടുണ്ട്.
പ്രദേശത്തെ 10 മാതൃകാ ചൈൽഡ് പുനരധിവാസ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും നവീകരിച്ച് മെച്ചപ്പെടുത്തുന്നതിനായി 1,16,87,400 രൂപയും അനുവദിച്ചിട്ടുണ്ട്.
