Home Nationalഅയോധ്യ സംഭാവന തട്ടിപ്പ്: വെള്ളിക്കട്ടി അടക്കം വഴിപാടുകൾ നൽകിയവർ എസ്‌ഐടിക്ക് മുന്നിലേക്ക്; അന്വേഷണം ശക്തമാക്കി

അയോധ്യ സംഭാവന തട്ടിപ്പ്: വെള്ളിക്കട്ടി അടക്കം വഴിപാടുകൾ നൽകിയവർ എസ്‌ഐടിക്ക് മുന്നിലേക്ക്; അന്വേഷണം ശക്തമാക്കി

by news_desk1
0 comments

അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണത്തിൽ വഴിപാടുകൾ സമർപ്പിച്ചവരുടെ വിശദമായ മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) നടപടി ആരംഭിച്ചു. കാണാതായതായി ആരോപിക്കപ്പെടുന്ന 60 കിലോ വെള്ളിക്കട്ടിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അനുരാഗ് രസ്‌തോഗിയുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തുക. തുടർന്ന് മുംബൈ ആസ്ഥാനമായ വ്യവസായി അനിൽ വിശ്വകർമയുടെ മൊഴിയും അന്വേഷണ സംഘം ശേഖരിക്കും.

മൂന്ന് കിലോ തൂക്കമുള്ള വെള്ളി ഹാരവും വെള്ളി പാദുകയും ക്ഷേത്രത്തിൽ സമർപ്പിച്ചിരുന്നുവെങ്കിലും അതിന് രസീത് ലഭിച്ചിരുന്നില്ലെന്നാണ് അനിൽ വിശ്വകർമയുടെ ആരോപണം.

ഏകദേശം ഏഴ് കോടി രൂപയുടെ സംഭാവനകൾ ദുരുപയോഗം ചെയ്യപ്പെട്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ക്ഷേത്രത്തിലെ മുൻ ജീവനക്കാരനായ മഹിപാൽ സിങ് ഉന്നയിച്ച ആരോപണങ്ങളടങ്ങിയ വീഡിയോ പുറത്തുവന്നതോടെയാണ് വിഷയം വ്യാപക ശ്രദ്ധ നേടിയത്. ക്ഷേത്രത്തിലേക്ക് ലഭിക്കുന്ന സംഭാവനകൾ കൈകാര്യം ചെയ്യുന്ന വിഭാഗവുമായി ബന്ധപ്പെട്ട ചിലർ സംഘടിതമായി ക്രമക്കേട് നടത്തുന്നതായി അദ്ദേഹം ആരോപിച്ചിരുന്നു.

2020 ഓഗസ്റ്റ് 5-ന് ഭൂമിപൂജയ്ക്ക് മുൻപായി ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ 39.26 കിലോഗ്രാം വെള്ളി ക്ഷേത്രത്തിന് സമർപ്പിച്ചതായി അനുരാഗ് രസ്‌തോഗി പറയുന്നു. എന്നാൽ ഭൂമിപൂജ ചടങ്ങിലോ പിന്നീട് നടന്ന പ്രധാന ചടങ്ങുകളിലോ ഈ വെള്ളിവസ്തുക്കൾ കാണാനായില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ഇതുകൂടാതെ കുടുംബത്തിന്റെ പേരിൽ മൂന്ന് കിലോ വെള്ളി ഉപയോഗിച്ച് നിർമ്മിച്ച ഒരു വിളക്കും ക്ഷേത്രത്തിന് നൽകിയതായി അദ്ദേഹം വ്യക്തമാക്കുന്നു. ക്ഷേത്ര ട്രസ്റ്റിലുള്ള വിശ്വാസം കാരണം ഇതുസംബന്ധിച്ച് നേരത്തെ അന്വേഷിച്ചില്ലെന്നും അദ്ദേഹം ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. സംഭാവന നൽകിയതിന്റെ രേഖകളും രസീതുകളും തന്റെ കൈവശമുണ്ടെന്നും രസ്‌തോഗി അവകാശപ്പെടുന്നു. ആകെ 60 കിലോഗ്രാം വെള്ളി ക്ഷേത്രത്തിന് നൽകിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം.

2025-ലാണ് മുംബൈ സ്വദേശിയായ വ്യവസായി അനിൽ വിശ്വകർമ മൂന്ന് കിലോ തൂക്കമുള്ള വെള്ളി മാലയും വെള്ളി പാദുകയും ക്ഷേത്രത്തിന് സമർപ്പിച്ചത്. എന്നാൽ ഇതിന് ഔദ്യോഗിക രസീത് ലഭിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

ഇതിനിടെ വിഷയത്തിൽ ക്ഷേത്ര ട്രസ്റ്റിനെതിരെ ഉയരുന്ന ആരോപണങ്ങളെ തുടർന്ന് പ്രതികരണവുമായി വിഎച്ച്പിയും രംഗത്തെത്തി. ട്രസ്റ്റിലോ അനുബന്ധ സംവിധാനങ്ങളിലോ ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർ നിയമപരമായി ശിക്ഷിക്കപ്പെടണമെന്നും, വ്യക്തികളുടെ നടപടികൾക്ക് സംഘടനകളെ മുഴുവൻ ഉത്തരവാദികളാക്കാൻ കഴിയില്ലെന്നും വിഎച്ച്പി ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ പറഞ്ഞു.

അതേസമയം, കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേശ് കുമാർ യാദവ് എന്നിവരാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

You may also like