Home Businessഹോര്‍മുസ് വീണ്ടും സജീവം; എണ്ണക്കപ്പലുകള്‍ നീങ്ങിത്തുടങ്ങി, ക്രൂഡ് വില നാല് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍

ഹോര്‍മുസ് വീണ്ടും സജീവം; എണ്ണക്കപ്പലുകള്‍ നീങ്ങിത്തുടങ്ങി, ക്രൂഡ് വില നാല് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍

by news_desk1
0 comments

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില നാല് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 76 ഡോളറിലേക്ക് അടുക്കുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ധാരണയെ തുടര്‍ന്ന് പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ശമിച്ചതാണ് എണ്ണവില ഇടിയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

ഇതോടെ ആഗോള വിപണിയില്‍ എണ്ണ വിതരണം വര്‍ധിക്കുമെന്ന പ്രതീക്ഷ ശക്തമായിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതം പൂര്‍ണമായും സാധാരണ നിലയിലായാല്‍ വിലയില്‍ കൂടുതല്‍ ഇടിവുണ്ടാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. നിലവില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 76.37 ഡോളറായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (WTI) ക്രൂഡ് ബാരലിന് 72.69 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ ഗതാഗത പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണക്കടത്ത് തടസപ്പെടുമെന്ന ആശങ്കയെ തുടര്‍ന്നാണ് കഴിഞ്ഞ മാസങ്ങളില്‍ എണ്ണവില കുതിച്ചുയര്‍ന്നത്. എന്നാല്‍ ആ ഭീതികള്‍ ഗണ്യമായി കുറഞ്ഞതോടെയാണ് വിപണിയില്‍ വില താഴേക്ക് പോകുന്നത്.

ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടന്നിരുന്ന കൂടുതല്‍ എണ്ണക്കപ്പലുകള്‍ ഇപ്പോള്‍ ഹോര്‍മുസ് കടലിടുക്കിലൂടെ യാത്ര പുനരാരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതിന് പുറമെ, ഇറാനുമേലുള്ള ഉപരോധത്തില്‍ അമേരിക്ക 60 ദിവസത്തെ താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചതും വിപണിയില്‍ വില കുറയാന്‍ കാരണമായി. ഈ ഇളവ് മൂലം ഇറാന് അസംസ്‌കൃത എണ്ണയുടെ കയറ്റുമതി തുടരാന്‍ സാധിക്കും.

ആഗോള വിപണിയില്‍ എണ്ണവില ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. പാചകവാതക വില കുറയ്ക്കണമെന്നും വിവിധ മേഖലകളില്‍നിന്ന് ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.

You may also like