ന്യൂഡൽഹി: പ്രമുഖ മദ്യ ബ്രാൻഡുകളായ ഓൾഡ് മങ്ക്, റോയൽ ചലഞ്ച്, ബാഗ് പൈപ്പർ, ആന്റിക്വിറ്റി ബ്ലൂ എന്നിവയുടെ ചില വകഭേദങ്ങളുടെ വിൽപ്പനയ്ക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) വിലക്കേർപ്പെടുത്തി. ലാബ് പരിശോധനയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് കൃത്രിമ രുചിക്കൂട്ടുകളും സുഗന്ധദ്രവ്യങ്ങളും ചേർത്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരിശോധനയിൽ നിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതായി കണ്ടെത്തിയ ഉൽപ്പന്നങ്ങളെയാണ് വിലക്കിയത്.
യുണൈറ്റഡ് സ്പിരിറ്റ്സ് മധ്യപ്രദേശിൽ നിർമ്മിക്കുന്ന ആന്റിക്വിറ്റി ബ്ലൂ വിസ്കി, റോയൽ ചലഞ്ച് വിസ്കി എന്നിവയുടെ ചില വകഭേദങ്ങൾ, ഇൻബ്രൂ ബെവറേജസ് മധ്യപ്രദേശിൽ നിർമ്മിക്കുന്ന ബാഗ് പൈപ്പർ ഡീലക്സ് വിസ്കി, ഓൾഡ് കാസ്ക് ഡീലക്സ് റം, മോഹൻ റോക്കി സ്പ്രിങ് വാട്ടർ മഹാരാഷ്ട്രയിൽ നിർമ്മിക്കുന്ന ഓൾഡ് മങ്ക് റം എന്നിവയുടെ മൂന്ന് വകഭേദങ്ങളുടെയും വിൽപ്പനയാണ് വിലക്കിയത്.
സ്വാഭാവിക ചേരുവകൾ ഉപയോഗിച്ച് ആവശ്യമായ വീര്യം കൈവരിക്കുന്നതിനുപകരം, ഉൽപ്പന്നങ്ങൾക്ക് രുചിയും മണവും നൽകാൻ കൃത്രിമ രുചിക്കൂട്ടുകൾ ചേർത്തതായി എഫ്എസ്എസ്ഐ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മദ്യത്തിൽ സ്വാഭാവിക ചേരുവകൾ ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും, റമ്മിൽ പുറമേ നിന്ന് റം ഫ്ലേവറും വിസ്കിയിൽ വിസ്കി ഫ്ലേവറും ചേർക്കുന്നത് അംഗീകൃത നിർമ്മാണ രീതിയല്ലെന്ന് അതോറിറ്റി വ്യക്തമാക്കി.
കരിമ്പ്, മാൾട്ട്, മുന്തിരി എന്നിവ ഉപയോഗിച്ചുള്ള സ്വാഭാവിക നിർമ്മാണ പ്രക്രിയ മറികടക്കാനാണ് കമ്പനികൾ ഇത്തരം കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നതെന്നും, അതിനാൽ ഈ ഉൽപ്പന്നങ്ങൾ നിലവാരക്കുറവുള്ളവയാണെന്നും എഫ്എസ്എസ്ഐ അറിയിച്ചു.
ഏകദേശം 3.3 ലക്ഷം കോടി രൂപ വാർഷിക വിറ്റുവരവുള്ള ഇന്ത്യയിലെ മദ്യവിപണിയിൽ ഈ നടപടി വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. നിലവിലുള്ള നിയമങ്ങൾ ഇത്തരം ഫ്ലേവറുകൾ ഉപയോഗിക്കാൻ അനുമതി നൽകുന്നുണ്ടെന്നാണ് വ്യവസായ മേഖലയിലെ വിദഗ്ധരുടെ വാദം.
അതേസമയം, നിർദ്ദിഷ്ട പ്ലാന്റുകളിൽ നിർമ്മിച്ച ബാച്ചുകൾക്ക് മാത്രമാണോ വിലക്ക് ബാധകമാകുന്നത്, അല്ലെങ്കിൽ രാജ്യത്തുടനീളം നിർമ്മിക്കുന്ന അതത് ബ്രാൻഡുകളുടെ മുഴുവൻ ഉൽപ്പന്നങ്ങൾക്കും ബാധകമാണോ എന്ന കാര്യത്തിൽ എഫ്എസ്എസ്ഐ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
അടുത്തിടെ കഫീൻ അടങ്ങിയ പാനീയങ്ങളെ എനർജി ഡ്രിങ്ക് എന്ന വിഭാഗത്തിൽ വിശേഷിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ചില പ്രമുഖ കമ്പനികൾക്കെതിരെയും ഭക്ഷ്യസുരക്ഷാ അതോറിറ്റി നടപടിയെടുത്തിരുന്നു.

