പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ നഴ്സിങ് ട്യൂട്ടർ തസ്തികയിൽ രണ്ട് താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവ് ഓപ്പൺ വിഭാഗത്തിനും മറ്റൊന്ന് പട്ടികജാതി (എസ്.സി.) വിഭാഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്. എസ്.സി. വിഭാഗത്തിൽ യോഗ്യരായ ഉദ്യോഗാർഥികൾ ഇല്ലാത്ത പക്ഷം സംവരണ ചട്ടങ്ങൾ അനുസരിച്ച് മറ്റ് വിഭാഗങ്ങളിലെയോ ഓപ്പൺ വിഭാഗത്തിലെയോ ഉദ്യോഗാർഥികളെ പരിഗണിക്കും.
എം.എസ്.സി. നഴ്സിങ് യോഗ്യതയും നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. 2025 ജനുവരി 1-നുള്ള കണക്കുപ്രകാരം 41 വയസ് കവിയരുത്. നിയമാനുസൃതമായ വയസിളവ് അർഹരായവർക്ക് ലഭിക്കും. പ്രതിമാസം 25,000 രൂപയാണ് ശമ്പളം.
താത്പര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രൊഫഷണൽ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 7-നകം ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട സ്ഥാപന മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. (No Objection Certificate) ഹാജരാക്കണമെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

