കൊച്ചി: ഇന്ത്യൻ ബാങ്കിന്റെ എറണാകുളം എംജി റോഡ് ശാഖയിൽ 29 കോടി രൂപയുടെ വൻ തട്ടിപ്പ് നടന്നതായി കേസ്. ബാങ്കിന്റെ ഡയറക്ട് സെല്ലിംഗ് ഏജന്റായ മൈമോ ഫിനാൻഷ്യൽ സർവീസ് എന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. എൻആർഐ ഹൗസിംഗ് ലോണുകൾ സ്വന്തമാക്കുന്നതിനായി വ്യാജ രേഖകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി.
റിയാദിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും മസ്കറ്റ് എംബസിയുടെയും പേരിലുള്ള വ്യാജ അറ്റസ്റ്റേഷൻ രേഖകൾ മൈമോ ഫിനാൻഷ്യൽ സർവീസ് തയ്യാറാക്കിയതായാണ് കേസ്. ഈ രേഖകൾ ഉപയോഗിച്ചാണ് എൻആർഐ ഹൗസിംഗ് ലോണുകൾ നേടിയെടുത്തത്.
സംഭവത്തിൽ സ്ഥാപനത്തിന്റെ ഡയറക്ടർമാർ, വായ്പ നേടിയവർ എന്നിവരുൾപ്പെടെ 27 പേർക്കെതിരെയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
