Home Businessഇഎംഐ മുടങ്ങിയാൽ ഫോൺ ഉടൻ ലോക്കാകില്ല; ഡിവൈസ് ലോക്കിംഗിൽ പുതിയ ചട്ടങ്ങളുമായി ആർബിഐ

ഇഎംഐ മുടങ്ങിയാൽ ഫോൺ ഉടൻ ലോക്കാകില്ല; ഡിവൈസ് ലോക്കിംഗിൽ പുതിയ ചട്ടങ്ങളുമായി ആർബിഐ

by news_desk1
0 comments

ന്യൂഡൽഹി: ഇഎംഐ അടിസ്ഥാനത്തിൽ വാങ്ങിയ സ്മാർട്ട്‌ഫോൺ, ടാബ്ലെറ്റ്, ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. വായ്പ തിരിച്ചടവ് മുടങ്ങിയാലും ഉപഭോക്താവിന്റെ ഉപകരണം എപ്പോൾ ലോക്ക് ചെയ്യാം, ലോക്ക് ചെയ്താലും ലഭിക്കേണ്ട സേവനങ്ങൾ ഏതെല്ലാമാണ്, കുടിശ്ശിക തീർത്തശേഷം എത്ര സമയത്തിനകം അൺലോക്ക് ചെയ്യണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ ചട്ടങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.

വായ്പാ തിരിച്ചടവ്, റിക്കവറി ഏജന്റുമാരുടെ പ്രവർത്തനം, ധനകാര്യ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം എന്നിവയും പുതിയ മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2027 ജനുവരി 1 മുതലാണ് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരിക.

ഡിവൈസ് എപ്പോൾ ലോക്ക് ചെയ്യാം?

വായ്പയെടുത്ത വ്യക്തിയുടെ എല്ലാ ഉപകരണങ്ങളും ലോക്ക് ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് കഴിയില്ല. വായ്പയിലൂടെ വാങ്ങിയ ഉപകരണം മാത്രമേ നിയന്ത്രണ വിധേയമാക്കാൻ സാധിക്കൂ.

ഇഎംഐ മുടങ്ങിയ ഉടൻ റിമോട്ട് വഴി ഡിവൈസ് ലോക്ക് ചെയ്യാനും കഴിയില്ല. കുറഞ്ഞത് 30 ദിവസം കുടിശ്ശികയായതിന് ശേഷമേ നിയന്ത്രണം ഏർപ്പെടുത്താനാകൂ. കൂടാതെ ഉപകരണം ഒരേസമയം പൂർണമായും പ്രവർത്തനരഹിതമാക്കാൻ പാടില്ല. 60 ദിവസം വരെ കുടിശ്ശികയായാൽ മാത്രമേ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്താൻ സാധിക്കൂ.

ലോക്ക് ചെയ്താലും ഈ സേവനങ്ങൾ തുടരണം

ഡിവൈസ് ലോക്ക് ചെയ്താലും ഇൻകമിംഗ് ഫോൺ കോളുകൾ, എസ്‌എം‌എസ് സേവനങ്ങൾ, എസ്‌ഒ‌എസ് സൗകര്യം, ജോലിക്കും ഉപജീവനത്തിനും ആവശ്യമായ അടിസ്ഥാന സേവനങ്ങൾ എന്നിവ ലഭ്യമാകണമെന്ന് ആർബിഐ നിർദേശിച്ചു.

ഉപഭോക്താവിന്റെ കോൺടാക്റ്റുകൾ, ഫോട്ടോകൾ, വീഡിയോകൾ, എസ്‌എം‌എസുകൾ, കോൾ ലോഗുകൾ, ലൊക്കേഷൻ ഹിസ്റ്ററി ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ വായ്പാ ദാതാക്കൾക്ക് ലഭിക്കരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. കൂടാതെ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് മുമ്പ് ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കണം. ഇഎംഐ മുടങ്ങിയാൽ ഡിവൈസ് റിമോട്ട് വഴി നിയന്ത്രിക്കപ്പെടാനുള്ള സാധ്യത വായ്പ അനുവദിക്കുന്ന സമയത്തുതന്നെ വ്യക്തമായി അറിയിക്കണമെന്നും നിർദേശമുണ്ട്.

പണം അടച്ചാൽ ഒരു മണിക്കൂറിനകം അൺലോക്ക് ചെയ്യണം

കുടിശ്ശിക പൂർണമായി അടച്ചാൽ ഒരു മണിക്കൂറിനുള്ളിൽ ഡിവൈസ് അൺലോക്ക് ചെയ്യണമെന്ന് ആർബിഐ നിർദേശിച്ചു. ഇത് പാലിക്കാത്ത പക്ഷം വായ്പാ ദാതാവ് ഓരോ മണിക്കൂറിനും 250 രൂപ വീതം നഷ്ടപരിഹാരം ഉപഭോക്താവിന് നൽകേണ്ടിവരും.

You may also like