ബെംഗളൂരു: കർണാടകയിലെ ബിടതിയിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവത്തിൽ അപകടകാരണം സംബന്ധിച്ച് ഗുരുതര ആരോപണങ്ങൾ. ഡ്രൈവർക്ക് ആവശ്യമായ വിശ്രമം ലഭിക്കാതിരുന്നതും ദീർഘദൂര റൂട്ടിൽ ‘സിംഗിൾ ഡ്രൈവർ’ ഡ്യൂട്ടി ഏർപ്പെടുത്തിയതുമാണ് അപകടത്തിന് കാരണമായതെന്നാണ് ആരോപണം. അപകടത്തിൽ നിരവധി മലയാളി യാത്രക്കാർക്ക് പരിക്കേറ്റു.
കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963 നമ്പർ സൂപ്പർ ഡീലക്സ് എയർ ബസ് റോഡരികിലെ ദിശാസൂചിക ബോർഡിന്റെ തൂണിൽ ഇടിച്ചുകയറി തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. ബസ് ഓടിച്ചിരുന്ന കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ് ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് വിവരം. മിഥിലേഷും ബസിലെ കണ്ടക്ടറായ കോഴിക്കോട് കോവൂർ സ്വദേശി എൻ.എം. അരുണും സംഭവസ്ഥലത്തുതന്നെ മരിച്ചു.
തുടർച്ചയായ സർവീസുകൾ മൂലമുണ്ടായ കടുത്ത ക്ഷീണവും ഉറക്കവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട ബസ് ഓടിച്ച ഡ്രൈവർ മിഥിലേഷ് മൈസൂർ സർവീസ് കഴിഞ്ഞ് ഇന്നലെ പുലർച്ചെയാണ് തിരിച്ചെത്തിയത്. ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതിന് മുൻപ് തന്നെ ഇന്നലെ രാത്രി 9.30ഓടെ അടുത്ത ബെംഗളൂരു സർവീസിലും ഡ്യൂട്ടിയിൽ പ്രവേശിക്കേണ്ടി വന്നു. താൽക്കാലിക ജീവനക്കാരനായ മിഥിലേഷിന് തുടർച്ചയായി സർവീസ് നടത്തേണ്ടി വന്നതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ നിഗമനം.
കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ സിംഗിൾ ഡ്രൈവർ സർവീസ് നടത്തുന്ന രണ്ട് ബസുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. ഈ റൂട്ടിലെ ഭൂരിഭാഗം ബസുകളിലും ‘ഡ്രൈവർ കം കണ്ടക്ടർ’ രീതിയാണ് നിലവിലുള്ളത്. എന്നാൽ രണ്ട് സർവീസുകളിൽ മാത്രം സിംഗിൾ ഡ്രൈവർ ഡ്യൂട്ടി തുടരുകയാണ്. ദീർഘദൂര സർവീസുകളിൽ ഇത്തരം സിംഗിൾ ഡ്രൈവർ ഡ്യൂട്ടി ഏർപ്പെടുത്തുന്നതിനെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധവും ശക്തമാണ്.
അപകടസാധ്യതയും കടുത്ത ജോലിഭാരവും കാരണം സ്ഥിരം ജീവനക്കാരിൽ പലരും ഈ ബസുകളിൽ ഡ്രൈവറായി ജോലി ചെയ്യാൻ തയ്യാറാകാറില്ല. അതിനാൽ ഭൂരിഭാഗം സമയത്തും താൽക്കാലിക ഡ്രൈവർമാരെ ഉപയോഗിച്ചാണ് സർവീസ് നടത്തിയിരുന്നത്.
ഇന്ന് രാവിലെ 9.30ഓടെ ബെംഗളൂരുവിൽ എത്തേണ്ടിയിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരിൽ അധികവും മലയാളികളാണ്. പരിക്കേറ്റ നിരവധി യാത്രക്കാരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ ഗതാഗതവും തടസപ്പെട്ടു. പൊലീസും പ്രാദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
