അങ്കമാലി: കെഎസ്ആർടിസിയുടെ പ്രതിസന്ധിക്ക് കൈത്താങ്ങായി വേറിട്ട മാതൃകയുമായി അങ്കമാലി സ്വദേശി. കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. ഹീമാൻ റോബോട്ടിക് കാർ പാർക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ജോസാണ് ബസ് വാങ്ങി നൽകിയത്.
കേരളത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ വ്യക്തിയോ സ്ഥാപനമോ കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകുന്നതെന്ന് മന്ത്രി റോജി എം. ജോൺ പറഞ്ഞു. മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ടാണ് ബസ് വാങ്ങി നൽകാൻ തീരുമാനിച്ചതെന്ന് ജോസ് പ്രതികരിച്ചു.
കെഎസ്ആർടിസി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ബസ് വാങ്ങി നൽകുന്നതെന്നും ജോസ് പറഞ്ഞു. പുതുതായി ലഭിക്കുന്ന ബസ് അങ്കമാലി ഡിപ്പോയ്ക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
