Home Nationalഹണിട്രാപ്പിൽ കുടുക്കി പാക് ചാരവൃത്തി; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയ വ്യോമസേന വിങ് കമാൻഡർ അറസ്റ്റിൽ

ഹണിട്രാപ്പിൽ കുടുക്കി പാക് ചാരവൃത്തി; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയ വ്യോമസേന വിങ് കമാൻഡർ അറസ്റ്റിൽ

by news_desk1
0 comments

ന്യൂഡൽഹി: പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡറെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് മാസം മുമ്പ് അറസ്റ്റിലായ ഉദ്യോഗസ്ഥൻ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക രഹസ്യ നിയമപ്രകാരമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിട്ടുള്ള വലിയൊരു ചാരശൃംഖലയുടെ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് ഡൽഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗം ആസൂത്രണം ചെയ്ത ഹണിട്രാപ്പിലാണ് പേരുവെളിപ്പെടുത്താത്ത വിങ് കമാൻഡർ കുടുങ്ങിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സഹപ്രവർത്തകന്റെ മൊബൈൽ ഫോണിന്റെ നിയന്ത്രണം കൈക്കലാക്കുന്നതിനായി അതിൽ വിവരങ്ങൾ മോഷ്ടിക്കുന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ ഉദ്യോഗസ്ഥൻ ശ്രമിച്ചതായും പൊലീസ് ആരോപിക്കുന്നു.

മെയ് 31ന് രാത്രിയിലാണ് വിങ് കമാൻഡറെ അറസ്റ്റ് ചെയ്തതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗം ഡൽഹി പൊലീസിന് കൈമാറിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ആദ്യം പൊലീസ് കസ്റ്റഡിയിലായിരുന്ന ഉദ്യോഗസ്ഥനെ പിന്നീട് തീഹാർ ജയിലിലേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു.

ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങളും രേഖകളും കൈമാറിയതിനാണ് ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്തതെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായ ഉദ്യോഗസ്ഥൻ നിരീക്ഷണത്തിലായിരുന്നെന്നും പിന്നീട് അനുയോജ്യമായ നിയമനിർവഹണ ഏജൻസികൾക്ക് കൈമാറുകയായിരുന്നെന്നും വ്യോമസേനാ വക്താവ് അറിയിച്ചതായും റിപ്പോർട്ടുണ്ട്.

വ്യക്തിജീവിതത്തിൽ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് ഉദ്യോഗസ്ഥൻ കടന്നുപോയിരുന്നതെന്നും ഈ സമയത്താണ് സോഷ്യൽ മീഡിയയിലൂടെ ഒരു സ്ത്രീ ഇയാളുമായി ബന്ധപ്പെടുന്നതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായതായാണ് റിപ്പോർട്ട്. ഉദ്യോഗസ്ഥൻ സ്ത്രീയുമായി ചാറ്റ് ചെയ്യുകയും പിന്നീട് വീഡിയോ കോളുകളിലൂടെ സംസാരിക്കുകയും ചെയ്തു. ക്രമേണ വിശ്വാസം നേടിയെടുത്ത ശേഷം സൈനിക യൂണിറ്റുകളുടെ നീക്കങ്ങളും വിന്യാസവുമായി ബന്ധപ്പെട്ട വിവരങ്ങളും ഫോട്ടോകളും വീഡിയോകളും പങ്കുവെക്കാൻ സ്ത്രീ ആവശ്യപ്പെട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ഡിജിറ്റൽ ആശയവിനിമയ മാർഗങ്ങളിലൂടെ നിർണായക രേഖകളും വിവരങ്ങളും ഉദ്യോഗസ്ഥൻ സ്ത്രീക്ക് കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

ഉദ്യോഗസ്ഥനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം സഹപ്രവർത്തകന്റെ മൊബൈൽ ഫോണിൽ പ്രത്യേക ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ സ്ത്രീ ആവശ്യപ്പെട്ടതായും പൊലീസ് കണ്ടെത്തി. ഉപകരണത്തിൽനിന്ന് വിവരങ്ങൾ മോഷ്ടിക്കാനും ലൊക്കേഷൻ നിരീക്ഷിക്കാനും ആശയവിനിമയങ്ങൾ ചോർത്താനും കഴിയുന്ന ടാർഗെറ്റഡ് സ്പൈവെയർ അല്ലെങ്കിൽ റിമോട്ട് ആക്സസ് മാൽവെയർ വിഭാഗത്തിൽപ്പെട്ട സോഫ്റ്റ്‌വെയറാണിതെന്നാണ് സംശയം.

പാകിസ്താനിൽ നിന്നുള്ള ഹാൻഡ്ലർമാരുടെ നിർദേശപ്രകാരമാണ് സ്ത്രീ പ്രവർത്തിച്ചതെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. തന്ത്രപ്രധാനമായ സൈനിക രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിട്ടുള്ള വലിയൊരു ചാരശൃംഖലയുടെ ഭാഗമായിരുന്നു ഈ നീക്കമെന്നും അന്വേഷണ സംഘം സംശയിക്കുന്നു.

ഉദ്യോഗസ്ഥൻ കൈമാറിയ വിവരങ്ങൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയിട്ടുണ്ടോയെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് അവ ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്നോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് രഹസ്യ വിവരങ്ങൾ ചോർത്തിയെടുക്കാൻ രൂപകൽപ്പന ചെയ്ത ഏകോപിത ഹണിട്രാപ്പ് സംവിധാനത്തിന്റെ ഭാഗമായിരിക്കാം ഈ സ്ത്രീയെന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്.

വിദേശത്തുനിന്ന് പ്രവർത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഹാൻഡ്ലർമാരെ തിരിച്ചറിയാനും അവരിലേക്കുള്ള ബന്ധം കണ്ടെത്താനും കൈമാറപ്പെട്ട വിവരങ്ങളുടെ വ്യാപ്തി നിർണയിക്കാനുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

You may also like