കോഴിക്കോട്: താമരശേരി ഫ്രഷ്കട്ട് സമരവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡിനും കമ്പനിക്കുമെതിരെ ഒത്തുകളി ആരോപണം. കമ്പനി അടച്ചുപൂട്ടണമെന്ന ഉത്തരവ് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ കമ്പനിക്ക് ലഭിച്ചെന്നാണ് ആരോപണം. ഇതാണ് കമ്പനിക്ക് അടിയന്തരമായി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടാൻ സഹായിച്ചതെന്നും ആരോപണമുണ്ട്.
കമ്പനി പൂട്ടാനുള്ള കാരണം ഉത്തരവിൽ വ്യക്തമാക്കാതെ മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനിയെ സഹായിച്ചെന്നാണ് സലീം മടവൂർ ആരോപിച്ചത്. ഇതിന് പിന്നിൽ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ ലോകായുക്തയ്ക്ക് പരാതി നൽകുമെന്നും സലീം മടവൂർ വ്യക്തമാക്കി.
കാട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയും ഈ തട്ടിപ്പിന്റെ ഭാഗമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സെക്രട്ടറിയെ മാത്രം കുറ്റപ്പെടുത്തുന്നത് ഒത്തുകളിയുടെ ഭാഗമാണെന്നും സലീം മടവൂർ ആരോപിച്ചു.
ഫാക്ടറിക്ക് മുന്നിൽ നടക്കുന്ന സമരം നാടകമാണെന്നും ഇതിന് പിന്നിൽ ഫാക്ടറിയെ സംരക്ഷിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.
