Home Keralaമുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് പരാതി; ഒളിവിലുള്ള അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് പരാതി; ഒളിവിലുള്ള അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

by news_desk1
0 comments

കൊച്ചി: നിരവധി കേസുകളിൽ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആലുവ സൈബർ പൊലീസാണ് കേസെടുത്തത്. അധിക്ഷേപം, കലാപശ്രമം, ഐടി ആക്ട് 67 തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. മനോജ് ജോസ് നൽകിയ പരാതിയിലാണ് നടപടി.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചതിലും നേരത്തെ അർജുൻ ആയങ്കിക്കെതിരെ കേസെടുത്തിരുന്നു. കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് നൽകിയ പരാതിയിൽ കണ്ണൂർ സൈബർ പൊലീസാണ് കേസെടുത്തത്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകളാണ് അന്ന് ചുമത്തിയത്. ‘വിരട്ടരുത്.. വളർന്ന പാർട്ടി വേറെയാണ്’ എന്നായിരുന്നു രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടിയെന്ന നിലയിൽ അർജുൻ ആയങ്കി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

അതേസമയം, കേരള പൊലീസ് തിരച്ചിൽ വ്യാപകമാക്കിയിരിക്കെ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താനുള്ളതെന്ന് പറഞ്ഞിരുന്നെങ്കിൽ റോഡിലിരുന്ന് കരയുന്ന ആ സഹോദരിക്ക് അവരുടെ ഭർത്താവിനെ നേരത്തെ കണ്ടെത്താനാകുമായിരുന്നുവെന്നായിരുന്നു സർക്കാരിനെയും കേരള പൊലീസിനെയും പരിഹസിച്ചുള്ള അർജുൻ ആയങ്കിയുടെ പരാമർശം.

അർജുൻ ആയങ്കിക്കെതിരെ നിലവിൽ രണ്ട് കേസുകളുണ്ടെന്നും വിവരമുണ്ട്. ഇതിൽ കോതമംഗലത്തെ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. കഴിഞ്ഞ മേയിലാണ് സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തിയെന്ന കേസിൽ സുഹൃത്തിന്റെ വിവാഹത്തിന് എത്തിയ അർജുൻ ആയങ്കിയെയും മറ്റ് ആറ് പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

21 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരെ ഭീഷണി മുഴക്കുന്ന കുറിപ്പ് അർജുൻ ആയങ്കി ഫേസ്ബുക്കിൽ പങ്കുവെച്ചത്. ‘പെൻഷൻ വാങ്ങി ശിഷ്ടകാലം നിന്നെ ജീവിക്കാൻ അനുവദിക്കില്ല’ എന്നായിരുന്നു ഭീഷണി. ഇതിലാണ് ഊന്നുകൽ പൊലീസ് കേസെടുത്തത്.

You may also like