ന്യൂഡൽഹി: സിബിഎസ്ഇ പുനർമൂല്യനിർണയ നടപടിക്കെതിരെ വീണ്ടും പരാതിയുമായി വിദ്യാർത്ഥികൾ. പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാത്ത വിഷയത്തിൽ പോലും മാർക്ക് കുറച്ചതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു. ചില വിഷയങ്ങളിൽ പുനർമൂല്യനിർണയം നടത്തിയിട്ടില്ലെന്നും പരാതിയുണ്ട്.
വിഷയത്തിൽ സിബിഎസ്ഇക്കെതിരെ നിയമനടപടിയിലേക്ക് നീങ്ങാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. സുപ്രീംകോടതിയിൽ വിദ്യാർത്ഥികൾക്കായി ഹാജരായ അഭിഭാഷകൻ, വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.
അപേക്ഷ സമർപ്പിക്കാത്ത വിഷയങ്ങൾ പുനർമൂല്യനിർണയം ചെയ്തതായും അതിന്റെ ഫലമായി മാർക്ക് കുറയുകയുണ്ടായതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു. അതേസമയം, അപേക്ഷ നൽകിയ ചില പേപ്പറുകൾക്ക് പുനർമൂല്യനിർണയം നടത്തിയിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകിയവരിൽ ഏകദേശം 87 ശതമാനം പേരുടെ അപേക്ഷകൾ പരിഗണിച്ച് ഫലം പ്രസിദ്ധീകരിച്ചതായി സിബിഎസ്ഇ അറിയിച്ചത്. ശേഷിക്കുന്ന 13 ശതമാനം അപേക്ഷകളുടെ ഫലം വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും ബോർഡ് വ്യക്തമാക്കിയിരുന്നു.
പുതിയ പരാതികൾ ഉയർന്ന സാഹചര്യത്തിൽ വിഷയത്തിൽ കൂടുതൽ നിയമനടപടികൾക്കും വിദ്യാർത്ഥികൾ ഒരുങ്ങുകയാണ്.

