Home Top Storiesപി.എം ശ്രീ പദ്ധതി: ‘ലജ്ജാകരമായ കീഴടങ്ങല്‍’; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

പി.എം ശ്രീ പദ്ധതി: ‘ലജ്ജാകരമായ കീഴടങ്ങല്‍’; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

by news_desk1
0 comments

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്റെ നിയമസഭാ പ്രസംഗത്തിന് പിന്നാലെയായിരുന്നു വിമര്‍ശനം. മുമ്പ് വലിയ വീരവാദങ്ങള്‍ പറഞ്ഞവര്‍ ഇപ്പോള്‍ മനസാക്ഷിക്കുത്തോടെയാണ് സംസാരിക്കുന്നതെന്നും അതിന്റെ വിഷമം പ്രസംഗത്തില്‍ പ്രകടമാണെന്നും അദ്ദേഹം പരിഹസിച്ചു.

‘ഇപ്പോഴത്തെ സര്‍ക്കാരിന്റെ നിലപാട് ലജ്ജാകരമായ കീഴടങ്ങലാണ്. അധികാരത്തിലെത്തിയാല്‍ ഈ പദ്ധതി ഒഴുക്കിക്കളയും എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ എവിടെയാണ്? എത്രയോ വീരവാദങ്ങളായിരുന്നു മുമ്പ് പറഞ്ഞിരുന്നത്. വെറുതെ പ്രസംഗിച്ചാല്‍ മാത്രം കാര്യമില്ല. മുന്‍ സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് വിഷമത്തിലായെന്നാണ് മന്ത്രി പറയുന്നത്. ഇനി മുന്നോട്ടുപോകുക മാത്രമാണ് വഴിയെന്നാണ് സര്‍ക്കാരിന്റെ നിലപാട്,’ അദ്ദേഹം പറഞ്ഞു.

2025 ഒക്ടോബറിലാണ് ധാരണാപത്രം ഒപ്പിട്ടതെന്നും ഇതുവരെ കേരളത്തില്‍ പി.എം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്നത് വസ്തുതയാണെന്നും കേരളത്തില്‍ പദ്ധതി നടപ്പിലായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിലും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സര്‍ക്കാര്‍ തീരുമാനമെടുത്താലേ പദ്ധതി നടപ്പിലാക്കാന്‍ കഴിയൂ. എന്നാല്‍ രഹസ്യമായി പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘എല്‍ഡിഎഫ് സര്‍ക്കാര്‍ ധാരണാപത്രം മരവിപ്പിച്ച് കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഒപ്പിട്ട് 20 ദിവസത്തിനകം തന്നെ തീരുമാനമെടുത്തതും അന്നത്തെ സര്‍ക്കാരിന്റെ നിലപാടുമായിരുന്നു. അതിന് ശേഷം ഒന്നും മുന്നോട്ട് പോയിട്ടില്ല. കേരളത്തില്‍ പി.എം ശ്രീ പദ്ധതി നടപ്പിലായിട്ടില്ല. ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് മാത്രം പദ്ധതി നടപ്പിലാകില്ല. തുടര്‍ന്നുള്ള നടപടികള്‍ ആവശ്യമാണ്. സ്‌കൂളുകളുടെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണം. മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിക്കണം. ഇതൊന്നും കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തിട്ടില്ല. ഒരു ബ്ലോക്കില്‍ രണ്ട് സ്‌കൂളുകളാണ് പദ്ധതിക്ക് വേണ്ടത്. അതിനായി സ്‌കൂളുകള്‍ തെരഞ്ഞെടുത്തിട്ടുമില്ല,’ അദ്ദേഹം പറഞ്ഞു.

ആര്‍.എസ്‍.എസ് അജണ്ടയ്ക്ക് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വലിയ ഒത്തുകളിയാണ് നടക്കുന്നതെന്നും, എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കിയ ഗാന്ധിവധവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ അധിക പഠനസാമഗ്രിയായി ഉള്‍പ്പെടുത്തിയവരാണ് കഴിഞ്ഞ സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

You may also like