Home Keralaഅഴിമതി ആരോപണത്തിലെ പഴയ ഫയൽ വീണ്ടും തുറന്ന് വിജിലൻസ്; ഗ്യാനേഷ് കുമാറിനെതിരായ കെഎസ്ടിപി കേസിൽ അന്വേഷണം വേഗത്തിൽ

അഴിമതി ആരോപണത്തിലെ പഴയ ഫയൽ വീണ്ടും തുറന്ന് വിജിലൻസ്; ഗ്യാനേഷ് കുമാറിനെതിരായ കെഎസ്ടിപി കേസിൽ അന്വേഷണം വേഗത്തിൽ

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്ത് ഗ്യാനേഷ് കുമാർ അഴിമതി നടത്തിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണ നടപടികൾ ആഭ്യന്തര വകുപ്പ് വേഗത്തിലാക്കി. കെഎസ്ടിപി പദ്ധതിയുമായി ബന്ധപ്പെട്ട് 2006ൽ നടന്ന വിജിലൻസ് പ്രാഥമിക അന്വേഷണത്തിന്റെ വിവരങ്ങൾ ശേഖരിച്ചാണ് പുനരന്വേഷണം ആരംഭിച്ചത്.

മലേഷ്യൻ കമ്പനിയുടെ പ്രോജക്ട് എൻജിനീയറായിരുന്ന ലീ സീ ബീനിന്റെ ആത്മഹത്യയാണ് പുതിയ വിജിലൻസ് അന്വേഷണത്തിലെ പ്രധാന ഘടകം. കെഎസ്ടിപി പദ്ധതിയിലെ ക്രമക്കേട്, ഉദ്യോഗസ്ഥ തലത്തിലെ ഇടപെടൽ, മലേഷ്യൻ കമ്പനിയിലെ എൻജിനീയറുടെ ആത്മഹത്യയിൽ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിന്റെ പങ്ക് എന്നിവയാണ് അന്വേഷണവിധേയമാക്കുക.

ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് ഏകദേശം 13 കോടി രൂപ തടഞ്ഞുവച്ചെന്നായിരുന്നു ആരോപണം. തുക ലഭിക്കാത്തതിനെ തുടർന്നാണ് ലീ സീ ബീൻ ആത്മഹത്യ ചെയ്തതെന്നും ആരോപണമുണ്ട്. സംഭവത്തിൽ അന്ന് പ്രാഥമിക അന്വേഷണം നടത്തിയിരുന്നെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചിരുന്നില്ല. എന്നാൽ അന്വേഷണം അട്ടിമറിക്കപ്പെട്ടതാണെന്ന ആരോപണവും പിന്നീട് ഉയർന്നു.

20 വർഷം മുമ്പ് നടന്ന പ്രാഥമിക അന്വേഷണത്തിന്റെ വിശദാംശങ്ങൾ വിജിലൻസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്. പഴയ രേഖകൾ പരിശോധിച്ചാണ് കേസിൽ പുനരന്വേഷണ നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നത്.

അതിനിടെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രമുഖ നടനും സാംസ്‌കാരിക പ്രവർത്തകനുമായ പ്രകാശ് രാജ് ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും. ഗ്യാനേഷ് കുമാറിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച തെളിവുകൾ ഉൾപ്പെടെ വാർത്താസമ്മേളനത്തിൽ പുറത്തുവിടുമെന്നാണ് വിവരം.

ഗ്യാനേഷ് കുമാറിനെതിരെ സമരം പ്രഖ്യാപിച്ച സിജെപിക്ക് പിന്തുണയുമായി പ്രകാശ് രാജ് നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.

You may also like