തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് താൽക്കാലിക പരിഹാരം. കഴിഞ്ഞ സീസണിൽ കരാറിലേർപ്പെട്ടെങ്കിലും നിശ്ചിത സമയത്തിനകം നെല്ല് കുത്തൽ പൂർത്തിയാക്കാൻ കഴിയാതിരുന്ന മില്ലുകളുമായി നിബന്ധനകൾക്ക് വിധേയമായി കരാറിലേർപ്പെടാൻ സപ്ലൈകോയ്ക്ക് പ്രത്യേക അനുമതി നൽകിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
2026 ഖാരിഫ് സീസണിലെ നെല്ല് സംഭരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി ആരംഭിക്കേണ്ടതിന്റെയും യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതിന്റെയും ആവശ്യകത കണക്കിലെടുത്താണ് നടപടി. ഇതോടെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള ആശങ്കകൾക്ക് വിരാമമാകുമെന്നാണ് മന്ത്രിയുടെ വിലയിരുത്തൽ.
മില്ലുകളുമായുള്ള കരാറുകൾ എത്രയും വേഗം നടപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. അതേസമയം, മില്ലിംഗ് കാലയളവ് നീട്ടുന്നതിനുള്ള അനുമതി കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും. 2025-26 ഖാരിഫ് സീസണിലെ നെല്ല് കുത്തിത്തീർക്കാനുള്ള സമയം ജൂലൈ 31ന് അവസാനിച്ച സാഹചര്യത്തിൽ 2026 ഒക്ടോബർ 31 വരെ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2025-26 റാബി സീസണിലെ നെല്ല് കുത്തിത്തീർക്കാൻ 2027 ജനുവരി 31 വരെ കേന്ദ്ര സർക്കാർ നിലവിൽ സമയം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര നിർദേശങ്ങൾ സപ്ലൈകോ കർശനമായി പാലിക്കണം. കേന്ദ്രം നിശ്ചയിച്ചിട്ടുള്ള ഔട്ട്-ടേൺ അനുപാതം ഉൾപ്പെടെയുള്ള എല്ലാ വ്യവസ്ഥകളും പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ സീസണിലെ മില്ലിംഗ് പൂർണമായി പൂർത്തിയാകുന്നതുവരെ കാത്തിരിക്കുന്നത് പുതിയ നെല്ല് സംഭരണം ആരംഭിക്കുന്നതിന് തടസമാകുമെന്ന വിലയിരുത്തലിലാണ് നിബന്ധനകൾക്ക് വിധേയമായി പ്രത്യേക അനുമതി നൽകിയത്. കഴിഞ്ഞ ഖാരിഫ് സീസണിലെ മില്ലിംഗ് കാലയളവ് ജൂലൈ 31ന് അവസാനിച്ചെങ്കിലും വിവിധ കാരണങ്ങളാൽ സമയപരിധിക്കകം മില്ലിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ സീസണിൽ നെല്ല് സംഭരിച്ച ഓരോ മില്ലിലും നിലവിലുള്ള നെല്ലിന്റെ സ്റ്റോക്ക് കരാറിൽ ഏർപ്പെടുന്നതിന് മുമ്പ് സപ്ലൈകോ ഉദ്യോഗസ്ഥർ പരിശോധിച്ച് വിലയിരുത്തും. മുൻ സീസണിലെ ബാക്കി നെല്ലും അനുബന്ധ ബാധ്യതകളും കൃത്യമായി കണക്കാക്കിയിട്ടുണ്ടെന്നും നിശ്ചിത കാലയളവിനകം മില്ലിംഗ് പൂർത്തിയാക്കി അരി സപ്ലൈകോയ്ക്കോ സർക്കാരിനോ കൈമാറുമെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലം മിൽ ഉടമ സപ്ലൈകോയ്ക്ക് സമർപ്പിക്കണം.
മില്ലുകളെ കരാറിൽ ഉൾപ്പെടുത്തുന്നത് സ്റ്റോക്ക് പരിശോധനയുടെയും സത്യവാങ്മൂലത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. കഴിഞ്ഞ സീസണുകളിലെ സ്റ്റോക്ക്, മില്ലിംഗ്, അരി വിതരണ അക്കൗണ്ടുകൾ പ്രത്യേകമായും വ്യക്തമായും സൂക്ഷിക്കണം. ബാക്കി നെല്ലും അരിയും കൂട്ടിക്കലർത്തുകയോ പരസ്പരം മാറ്റി കണക്കാക്കുകയോ ചെയ്യരുതെന്നും മന്ത്രി വ്യക്തമാക്കി.
പ്രത്യേക അനുമതിയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന മില്ലുകളുടെ പട്ടിക കൃത്യമായി പരിശോധിച്ചുറപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും മന്ത്രി നിർദേശിച്ചു. 2025-26 ഖാരിഫ്, റാബി സീസണുകളുമായി ബന്ധപ്പെട്ട ബാക്കി നെല്ല്, മില്ലിംഗ് നില, ബാധ്യതകൾ എന്നിവയുടെ വിവരങ്ങൾ കൃത്യമായും പ്രത്യേകം പ്രത്യേകം പരിപാലിക്കുന്നുണ്ടെന്ന് സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഉറപ്പാക്കണം.
പ്രത്യേകാനുമതി ഉത്തരവിൽ ഉൾപ്പെട്ട മില്ലുകളുടെ വിശദാംശങ്ങൾ, ഓരോ മില്ലിലുമുള്ള നെല്ലിന്റെ സ്റ്റോക്ക്, അതത് വിള സീസണുകളിൽ മില്ലിംഗ് ചെയ്യാൻ ശേഷിക്കുന്ന അളവ്, അനുബന്ധ മില്ലിംഗ്, ബാധ്യതകളുടെ സ്ഥിതി എന്നിവ ഉൾപ്പെടുന്ന സംയോജിത പ്രസ്താവന സപ്ലൈകോ മാനേജിംഗ് ഡയറക്ടർ സർക്കാരിന് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
