Home Top Stories“സംഘപരിവാറിന് വിഹരിക്കാൻ പോലീസ് കാവൽ, ഇത് ആർ.എസ്.എസ് പ്രീണനം”; യു.ഡി.എഫ് സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

“സംഘപരിവാറിന് വിഹരിക്കാൻ പോലീസ് കാവൽ, ഇത് ആർ.എസ്.എസ് പ്രീണനം”; യു.ഡി.എഫ് സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

by news_desk
0 comments

തിരുവനന്തപുരം: കാസർകോട് കേരള കേന്ദ്ര സർവ്വകലാശാലയിൽ ആർ.എസ്.എസ് പരിപാടിക്ക് പോലീസ് സംരക്ഷണം ഒരുക്കിയ നടപടിക്കെതിരെ യു.ഡി.എഫ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംഘപരിവാർ ഇതര വിദ്യാർത്ഥി സംഘടനകളെല്ലാം ശക്തമായ പ്രതിഷേധമുയർത്തിയിട്ടും പരിപാടിക്ക് സർക്കാർ ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവൽക്കരിക്കാനും ക്യാമ്പസുകളിൽ വർഗീയ അജണ്ടകൾ നടപ്പിലാക്കാനുമുള്ള നീക്കങ്ങൾക്ക് സർക്കാർ കൂട്ടുനിൽക്കുന്നത് പതിവുസംഭവമായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ രാഷ്ട്രീയം പ്രകടമാണെന്ന് ചൂണ്ടിക്കാട്ടിയ പിണറായി വിജയൻ, അക്കാദമിക് പശ്ചാത്തലമില്ലാത്ത ആർ.എസ്.എസ് നേതാവിനെ സെമിനാറിലേക്ക് ക്ഷണിച്ച സർവ്വകലാശാല അധികൃതരുടെ നടപടിയെയും ചോദ്യം ചെയ്തു. പരിപാടിക്കായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെപ്പോലും ഹാളിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞുവെക്കുന്ന സ്ഥിതിയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ കേന്ദ്രങ്ങളെ വിദ്വേഷ പ്രചാരണത്തിന്റെ ഇടങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് സംസ്ഥാന പോലീസിനെ ഉപയോഗിച്ച് താവളമൊരുക്കുന്നത് യു.ഡി.എഫ് സർക്കാരിന്റെ ആർ.എസ്.എസ് പ്രീണന നയമാണ് വ്യക്തമാക്കുന്നത്. സംഘപരിവാറിന് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് യഥേഷ്ടം വിഹരിക്കാൻ പോലീസ് കാവലൊരുക്കുന്നത് മതനിരപേക്ഷ കേരളത്തോടുള്ള വെല്ലുവിളിയാണെന്നും, ഈ വിഷയത്തിൽ പൊതുസമൂഹത്തിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

You may also like