ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒൻപത് മണിക്കൂറിലേറെ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് രാഹുൽ ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കിയത്.
പ്രിയങ്ക ഗാന്ധി എംപി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, കൊടിക്കുന്നിൽ സുരേഷ്, പവൻ ഖേര എന്നിവരെയും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റി.
ആകാശവാണി ഭവന് മുന്നിലെ ആൽച്ചുവട്ടിലായിരുന്നു നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പ്രതിഷേധ സ്ഥലത്തുനിന്ന് ഒഴിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നേതാക്കൾ തയ്യാറായില്ല. തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടശേഷം മാത്രമേ മടങ്ങൂവെന്ന നിലപാടിലായിരുന്നു രാഹുൽ ഗാന്ധിയും പ്രതിഷേധക്കാരും.
തുടർന്ന് ആദ്യം എംപിമാരെയും പിന്നീട് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു. പൊലീസ് വാനിൽനിന്ന് പുറത്തിറങ്ങാൻ രാഹുൽ ഗാന്ധി ശ്രമിക്കുകയും പൊലീസ് നടപടിയെ പ്രതിരോധിക്കുകയും ചെയ്തു.
