തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ പേരിനൊപ്പം ജാതിപ്പേര് ചേർത്തതിനെതിരെ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും വിമർശനം രൂക്ഷമാകുന്നു. മുൻപ് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തപ്പോഴുള്ള വീഡിയോയും കഴിഞ്ഞദിവസം മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോഴുള്ള മാറ്റവും ചൂണ്ടിക്കാട്ടിയാണ് ജനങ്ങളും ജനപ്രതിനിധികളും രംഗത്തെത്തിയത്. ചില കോൺഗ്രസ് നേതാക്കളും മുഖ്യമന്ത്രിയുടെ ഈ നടപടിക്കെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ 2021 മെയ് 24-ന് നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ “വി.ഡി. സതീശൻ എന്ന ഞാൻ” എന്നായിരുന്നു അദ്ദേഹം പ്രസ്താവിച്ചിരുന്നത്. എന്നാൽ കഴിഞ്ഞദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ “വടശ്ശേരി ദാമോദരൻ മേനോൻ സതീശൻ എന്ന ഞാൻ” എന്നാണ് അദ്ദേഹം ഔദ്യോഗികമായി ചൊല്ലിയത്. പൊതുജീവിതത്തിൽ ഇതുവരെയില്ലാതിരുന്ന സവർണ്ണ ജാതിവാൽ വലിയൊരു പദവിയിലെത്തിയപ്പോൾ ഉറക്കെ പ്രഖ്യാപിച്ചത് എന്തിനാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം. ഇതിനൊപ്പം സത്യപ്രതിജ്ഞാ ചടങ്ങിൽ പരമ്പരാഗതമായി അംഗീകരിക്കപ്പെട്ട സെക്യുലർ വരികളെ മറികടന്ന് വന്ദേഭാരതം ചൊല്ലിയതും അദ്ദേഹത്തിന്റെ മുൻകാല മതേതര നിലപാടുകൾ പൊള്ളയാണെന്ന് തെളിയിക്കുന്നതാണെന്ന് വിമർശകർ ആരോപിക്കുന്നു.
ഇതിനിടെ കോൺഗ്രസ് നേതാവ് ജിന്റോ ജോൺ മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച് രംഗത്തെത്തിയത് പാർട്ടിനുള്ളിലും ചർച്ചയായിട്ടുണ്ട്. “പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ്” എന്നായിരുന്നു ജിന്റോയുടെ ഫേസ്ബുക്ക് പോസ്റ്റ്. സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളുടെ പശ്ചാത്തലത്തിലാണ് താൻ ഇത്തരമൊരു പോസ്റ്റിട്ടതെന്ന് ജിന്റോ മാധ്യമങ്ങളോട് പ്രതികരിച്ചു. ജീവിതത്തിലെ ഏറ്റവും അസുലഭമായ ഒരു സുപ്രധാന പദവിയിൽ എത്തിയപ്പോൾ പിതാവിന്റെ പേര് ഓർത്തതിനെ തെറ്റുപറയുന്നില്ലെന്നും എന്നാൽ ഇതിനെ ചുറ്റിപ്പറ്റി കേരളത്തിൽ വലിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജാതി വാലുകൾ ഉപയോഗിക്കുന്നത് ശരിയാണെന്ന സംഘപരിവാർ മനോഭാവത്തെ പിന്തുണയ്ക്കുന്ന തരത്തിലാണ് ഈ പ്രവണതയെന്നും, സെൻട്രൽ ലെഫ്റ്റ് പൊസിഷൻ സ്വീകരിക്കുന്ന കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിന് ചേർന്നതല്ല ജാതിവാൽ പ്രയോഗമെന്ന് ഓർമ്മിപ്പിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ജിന്റോ വ്യക്തമാക്കി. ഇത് രഞ്ജിത്തിന്റെ സിനിമയല്ലെന്നും, വെറും കയ്യടിക്ക് വേണ്ടി ‘മേനോൻ’ എന്ന ജാതിപ്പേര് ഉപയോഗിക്കേണ്ടിയിരുന്നില്ലെന്നും വ്യക്തമാക്കിയ ജിന്റോ, താൻ വ്യക്തിപരമായി വി.ഡി. സതീശനെ അധിക്ഷേപിക്കാൻ പറഞ്ഞതല്ലെന്നും കൂട്ടിച്ചേർത്തു. പുതിയ ഭരണത്തിന്റെ തുടക്കത്തിൽ തന്നെ മുഖ്യമന്ത്രിയുടെ ജാതിപ്പേര് പ്രയോഗം വലിയൊരു രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.

