ടെൽ അവീവ്: ഗാസ മുനമ്പിൽ സൈനിക നിയന്ത്രണം കൂടുതൽ വ്യാപിപ്പിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയുടെ 70 ശതമാനം പ്രദേശവും ഘട്ടംഘട്ടമായി ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കണമെന്ന നിർദേശമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. അധിനിവേശ വെസ്റ്റ് ബാങ്കിൽ നടന്ന ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു നെതന്യാഹുവിന്റെ പരാമർശം.
നിലവിൽ ഗാസ മുനമ്പിന്റെ ഏകദേശം 60 ശതമാനം പ്രദേശങ്ങളിൽ ഇസ്രയേൽ സൈന്യത്തിന് നിയന്ത്രണമുണ്ടെന്നാണ് നെതന്യാഹു അവകാശപ്പെട്ടത്. മുമ്പ് 50 ശതമാനം പ്രദേശങ്ങളിലായിരുന്നു സൈനിക സാന്നിധ്യമെന്നും ഇപ്പോൾ അത് 60 ശതമാനമായി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി അടുത്ത ഘട്ടമായി 70 ശതമാനത്തിലേക്ക് നിയന്ത്രണം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും നെതന്യാഹു വ്യക്തമാക്കി.
പ്രസംഗത്തിനിടെ സദസ്സിലുണ്ടായിരുന്ന ചിലർ “ഗാസ മുഴുവനായും ഇസ്രയേൽ പിടിച്ചെടുക്കണം” എന്ന മുദ്രാവാക്യവും ഉയർത്തി. ഹമാസിനെ പൂർണമായും ദുർബലപ്പെടുത്തുന്നതുവരെ സൈനിക നടപടി തുടരുമെന്ന നിലപാടിലാണ് ഇസ്രയേൽ സർക്കാർ.
അതേസമയം, വെടിനിർത്തൽ കരാറിന്റെ അടുത്തഘട്ടവുമായി ബന്ധപ്പെട്ട് ഇസ്രയേലും ഹമാസും തമ്മിൽ പരോക്ഷ ചർച്ചകൾ പുരോഗമിക്കുകയാണ്. ഹമാസ് ആയുധങ്ങൾ ഉപേക്ഷിക്കുന്നതും ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറുന്നതുമാണ് ചർച്ചകളിലെ പ്രധാന വിഷയങ്ങൾ. നിലവിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിലുണ്ടെങ്കിലും ഗാസയുടെ പകുതിയിലധികം പ്രദേശങ്ങളും ഇപ്പോഴും ഇസ്രയേൽ നിയന്ത്രണത്തിലാണ്.
ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥരുടെ കണക്കുകൾ പ്രകാരം വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷവും ഇസ്രയേൽ ആക്രമണങ്ങളിൽ ഏകദേശം 900 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. തീരദേശ മേഖലയിലെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോൾ ഹമാസിന്റെ നിയന്ത്രണത്തിലുള്ളത്.
അന്താരാഷ്ട്ര സഹായ ഏജൻസികൾക്ക് ഏപ്രിലിൽ കൈമാറിയ ഭൂപടങ്ങളിൽ ഗാസയുടെ 64 ശതമാനം പ്രദേശം തങ്ങൾ നിയന്ത്രിക്കുന്നതായി ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. നിയന്ത്രണ മേഖല കൂടുതൽ വ്യാപിപ്പിക്കുകയാണെങ്കിൽ ലക്ഷക്കണക്കിന് പലസ്തീനികൾ വളരെ ചെറിയ പ്രദേശങ്ങളിലേക്ക് ഒതുങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടാകുമെന്ന ആശങ്ക മനുഷ്യാവകാശ സംഘടനകൾ ഉയർത്തുന്നുണ്ട്.
2025 ഒക്ടോബറിലെ വെടിനിർത്തൽ കരാർ പ്രകാരം ഇസ്രയേൽ സൈന്യം ‘യെല്ലോ ലൈൻ’ എന്നറിയപ്പെടുന്ന സുരക്ഷാ അതിർത്തിയിലേക്ക് പിൻവാങ്ങിയിരുന്നു. ഗാസയുടെ ഏകദേശം 53 ശതമാനം പ്രദേശം ഈ അതിർത്തിക്കുള്ളിലാണെന്ന് കരുതപ്പെടുന്നു. എന്നാൽ പിന്നീട് ഇസ്രയേൽ ഈ അതിർത്തി കൂടുതൽ അകത്തേക്ക് നീട്ടിയെന്നാണ് ഹമാസിന്റെ ആരോപണം. ഇത് വെടിനിർത്തൽ കരാറിന്റെ വ്യക്തമായ ലംഘനമാണെന്നും ഹമാസ് ആരോപിച്ചു.
ഹമാസിന്റെ ഭാവിയാക്രമണങ്ങൾ തടയാനും സംഘടനയെ പൂർണമായി തകർക്കാനും ശക്തമായ സൈനിക സമ്മർദ്ദം അനിവാര്യമാണെന്നാണ് ഇസ്രയേൽ സർക്കാരിന്റെ വാദം.

