തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി റെയ്ഡിനെച്ചൊല്ലിയ വിവാദങ്ങൾക്കിടെ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇഡി റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയാൻ താൻ തയ്യാറാണെങ്കിലും എപ്പോൾ പ്രതികരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. താൻ ഒളിച്ചോടുന്ന ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെയ്ഡിനെക്കുറിച്ച് മാധ്യമങ്ങൾ നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്നും പല സ്ഥലങ്ങളിലും മൈക്ക് മുഖത്ത് അടിക്കുന്ന സാഹചര്യം വരെ ഉണ്ടായിരുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു. “ഞാൻ പ്രതികരിക്കില്ലെന്ന് പറഞ്ഞിട്ടില്ല. എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തരണമല്ലോ,” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇഡി റെയ്ഡ് നടന്നതെന്ന സിപിഎമ്മിന്റെ ആരോപണവും മുഖ്യമന്ത്രി തള്ളി. “ആദ്യമായി പ്രധാനമന്ത്രിയെ കാണുമ്പോൾ പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യണം എന്ന് പറയുമോ?” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസപരമായ മറുപടി. സിപിഎം നേതാക്കൾ തമാശ പറയുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഇഡി രജിസ്റ്റർ ചെയ്ത കേന്ദ്ര ഏജൻസിയുടെ കേസാണിതെന്നും സംസ്ഥാന സർക്കാരിന് അതിൽ യാതൊരു പങ്കുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റെയ്ഡ് സംബന്ധിച്ച് പൊലീസിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടന്ന ആക്രമണം ഗുരുതരമായ ക്രമസമാധാന ലംഘനമാണെന്നും അത്തരം അതിക്രമങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
“നാല് വർഷം പഴക്കമുള്ള കേസാണിത്. അന്ന് ഇഡി നടപടിയെടുക്കാത്തതിൽ പരാതിപ്പെട്ടത് യുഡിഎഫാണ്. രാഷ്ട്രീയ പ്രേരിതമായ കേസുകളിലായിരുന്നു രാഹുൽ ഗാന്ധിയെ ഞങ്ങൾ പ്രതിരോധിച്ചത്. എന്നാൽ കോടതി അനുവദിച്ച അന്വേഷണത്തെ തടയില്ല,” എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇഡി ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം നടന്നപ്പോൾ പൊലീസ് സ്വീകരിച്ച നിലപാട് ശരിയായിരുന്നുവെന്നും ആഭ്യന്തര വകുപ്പിന്റെ നടപടികളെ അഭിനന്ദിക്കുന്നുവെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

