കോഴിക്കോട്: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളായ നാല് യുവാക്കളെ പ്രത്യേക നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലടച്ചു. കോഴിക്കോട് നല്ലളം സ്വദേശി സാജിദ് ജമാൽ അഹമ്മദ് (26), ചാലിയം കടലുണ്ടി സ്വദേശി അബുതാഹിർ (26), വാണിമേൽ സ്വദേശി ഷംസീർ (36), മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ഷാഹിദ് ഹുസ്സൈൻ (29) എന്നിവർക്കെതിരെയാണ് നടപടി.
കസബ, മെഡിക്കൽ കോളേജ്, ഫറോക്ക് പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്‌പെക്ടർമാർ നൽകിയ പ്രാഥമിക റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സമർപ്പിച്ച ശുപാർശ പ്രകാരമാണ് നടപടി സ്വീകരിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട സാജിദ് ജമാൽ അഹമ്മദിനെ മാങ്കാവ് റോയൽ എൻഫീൽഡ് ഷോറൂമിന് സമീപത്ത് കാറിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 36.320 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും അറസ്റ്റിലായത്.
ബേപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിലുള്ള അബുതാഹിറിനെ 2026 മാർച്ചിൽ രാമനാട്ടുകരയിലെ ഒരു ലോഡ്ജിൽ നിന്ന് 21.77 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. ജാമ്യത്തിലായിരുന്ന ഇയാളും വീണ്ടും അറസ്റ്റിലായി.
തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിലുള്ള ഷാഹിദ് ഹുസ്സൈനെയും രാമനാട്ടുകരയിൽ 21.77 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയ ശേഷം ജാമ്യത്തിലായിരിക്കെ വീണ്ടും അറസ്റ്റ് ചെയ്തു.
ഷംസീറിനെ മിംസ് ആശുപത്രിക്ക് സമീപത്തെ ഒരു ലോഡ്ജിൽ നിന്ന് 709.52 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലായിരുന്ന ഇയാളും വീണ്ടും അറസ്റ്റിലായി.
എൻ.ഡി.പി.എസ്. നിയമത്തിലെ 68എഫ് വകുപ്പ് പ്രകാരം മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച വാഹനങ്ങൾ, ലഹരി വ്യാപാരത്തിലൂടെ സമ്പാദിച്ച സ്വത്തുക്കൾ എന്നിവ കണ്ടുകെട്ടുന്നതിനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനുമുള്ള നടപടികളും പൊലീസ് തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
