തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളി ഷിജിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം പ്രതിഷേധം ശക്തമാക്കി. അഞ്ചുതെങ്ങിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഷിജിനെ കാണാതായിട്ട് എട്ട് ദിവസം പിന്നിട്ടിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നാരോപിച്ചാണ് കുടുംബം കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.
ഷിജിന്റെ ഭാര്യയും മക്കളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. തിരച്ചിൽ നടപടികൾ കാര്യക്ഷമമല്ലെന്നും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നുമാണ് കുടുംബത്തിന്റെ പരാതി.
ഉത്തരവാദിത്തപ്പെട്ട അധികാരികളിൽ നിന്ന് വ്യക്തമായ വിശദീകരണവും നടപടിയും ലഭിക്കുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. ശക്തമായ മഴയെയും അവഗണിച്ചാണ് കുടുംബം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം തുടരുന്നത്.
