Home Keralaഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിൽ മൃതദേഹം; വിശദീകരണം തേടി കണ്ണൂർ എഡിഎം

ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിൽ മൃതദേഹം; വിശദീകരണം തേടി കണ്ണൂർ എഡിഎം

by news_desk1
0 comments

കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയ സംഭവത്തിൽ വിശദീകരണം തേടി കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം). പയ്യന്നൂർ തഹസിൽദാർക്കും പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനുമാണ് നോട്ടീസ് നൽകിയത്. ഫ്രീസർ സംവിധാനമില്ലാത്ത ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകാൻ ഇടയായ സാഹചര്യം വിശദീകരിക്കണമെന്ന് നിർദേശിച്ചിട്ടുള്ളത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കകം മറുപടി നൽകാനാണ് നിർദേശം.

സംഭവത്തിൽ റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. തുടർന്ന് ജില്ലാ കളക്ടർ അന്വേഷണ ചുമതല കണ്ണൂർ എഡിഎമ്മിന് കൈമാറുകയായിരുന്നു.

ചെറുപുഴ മീന്തുള്ളിയിൽ തുരുത്തിൽ കുടുങ്ങിയയാളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള സ്വദേശിയായ ആർ. രാജേഷ് ഒഴുക്കിൽപ്പെട്ടത്. ചൊവ്വാഴ്ചയാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം രാത്രി എട്ടോടെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

പരിയാരത്തുനിന്ന് ലഭ്യമായ ആംബുലൻസിൽ ഫ്രീസർ സൗകര്യമില്ലായിരുന്നുവെന്നും ഇക്കാര്യം റവന്യൂ അധികൃതരെ അറിയിച്ചിരുന്നുവെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി. സ്വകാര്യ ആംബുലൻസുകൾ ഉയർന്ന വാടക ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഇത്തരമൊരു പ്രശ്നത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചിരുന്നില്ലെന്നാണ് പയ്യന്നൂർ തഹസിൽദാറിന്റെ വിശദീകരണം.

കോഴിക്കോട് എത്തിയപ്പോഴാണ് മൃതദേഹത്തിന്റെ അവസ്ഥ മോശമായത്. തുടർന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയും അദ്ദേഹത്തിന്റെ ഇടപെടലിൽ ചാവക്കാട് നിന്ന് ഫ്രീസർ സൗകര്യമുള്ള സ്വകാര്യ ആംബുലൻസ് ഏർപ്പെടുത്തുകയും ചെയ്തു.

സംഭവം വിവാദമായതോടെയാണ് റവന്യൂ മന്ത്രി വിഷയത്തിൽ ഇടപെട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് ഒരുക്കണമെന്ന് റവന്യൂ ഉദ്യോഗസ്ഥരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് രാജേഷിന്റെ നാട്ടിൽ നിന്നെത്തിയ പഞ്ചായത്ത് അംഗവും വ്യക്തമാക്കിയിരുന്നു.

You may also like