ദില്ലി: കര്‍ണാടക രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കങ്ങള്‍ക്ക് വേഗംകൂട്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട അന്തിമ ചര്‍ച്ചകള്‍ക്കായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സോണിയ ഗാന്ധിയുടെ വസതിയായ പത്ത് ജന്‍പഥിലെത്തി. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്നാണ് ഇരുവരുമായും കൂടിക്കാഴ്ച നടത്തിയത്.
2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഹൈക്കമാന്‍ഡ് രൂപീകരിച്ച ധാരണ പ്രകാരം മുഖ്യമന്ത്രിസ്ഥാനത്തിന്റെ രണ്ടാം പകുതിയില്‍ ഡി.കെ. ശിവകുമാറിനെ ചുമതല ഏല്‍പ്പിക്കാനാണ് നീക്കം ശക്തമാകുന്നത്. ഇതിന്റെ ഭാഗമായി ഡി.കെ. ശിവകുമാറിന്റെ പേര് സിദ്ധരാമയ്യ തന്നെ ഔദ്യോഗികമായി നിര്‍ദ്ദേശിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ഹൈക്കമാന്‍ഡിന്റെ ഈ നിര്‍ദേശം സിദ്ധരാമയ്യ അംഗീകരിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
സിദ്ധരാമയ്യയുടെ രാജിക്കുപിന്നാലെ പുതിയ മന്ത്രിസഭ രൂപീകരണം, മന്ത്രിമാരുടെ വകുപ്പുവിഭജനം, സംഘടനാ തലത്തിലുള്ള ക്രമീകരണങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചകളില്‍ പ്രധാനമായും ഉയര്‍ന്നത്. പുതിയ സര്‍ക്കാരിന്റെ രൂപീകരണ നടപടികള്‍ വേഗത്തിലാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.
തിങ്കളാഴ്ച വൈകിട്ട് ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന. അധികാര കൈമാറ്റം പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദങ്ങളില്ലാതെ പൂര്‍ത്തിയാക്കാനാണ് ഹൈക്കമാന്‍ഡിന്റെ ശ്രമം.
അതേസമയം, ഔദ്യോഗികമായി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും ദില്ലി കേന്ദ്രീകരിച്ചുള്ള ദേശീയ തല പദവികളും കോണ്‍ഗ്രസ് നേതൃത്വം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ സജീവമായി തുടരാനാണ് താത്പര്യമെന്ന് സിദ്ധരാമയ്യ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടക്കുന്ന ഈ മാറ്റം ദേശീയ രാഷ്ട്രീയത്തിലും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെക്കുന്നത്. അധികാര കൈമാറ്റം സമാധാനപരമായി പൂര്‍ത്തിയാക്കാനാകുമോ എന്നതാണ് ഇനി രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

