Home Kerala‘അമ്മ ‘അഡ്‌ഹോക് കമ്മിറ്റിയിൽ ആദ്യ രാജി; ആശ അരവിന്ദ് പടിയിറങ്ങി

‘അമ്മ ‘അഡ്‌ഹോക് കമ്മിറ്റിയിൽ ആദ്യ രാജി; ആശ അരവിന്ദ് പടിയിറങ്ങി

by news_desk1
0 comments

കൊച്ചി: അമ്മ സംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയിൽ നിന്ന് നടി ആശ അരവിന്ദ് രാജിവെച്ചു. അഡ്‌ഹോക് കമ്മിറ്റിയിലെ ആദ്യ രാജിയാണിത്. കൂട്ടരാജി സമർപ്പിച്ച മുൻ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ആശ തന്റെ രാജി തീരുമാനം അറിയിച്ചത്. അമ്മയുടെ സഞ്ജീവനി പദ്ധതിയുടെ ചുമതല ആശ അരവിന്ദിനായിരുന്നു.

അതേസമയം, സംഘടനയിൽ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് മല്ലിക സുകുമാരൻ, ലക്ഷ്മി പ്രിയ എന്നിവരും രംഗത്തെത്തിയിരുന്നു. സംഘടനയിൽ സാധാരണ അംഗമായി മാത്രം തുടരുമെന്ന് ടിനി ടോം അറിയിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മല്ലിക സുകുമാരൻ രാജിവിവരം അറിയിച്ചത്. സ്‌നേഹപൂർവം പടിയിറങ്ങുകയാണെന്നും ശ്വേത മേനോനൊപ്പമാണ് താനെന്നും വ്യക്തമാക്കിയാണ് രാജി പ്രഖ്യാപിച്ചത്.

വൈകാരിക കുറിപ്പിലൂടെയാണ് ലക്ഷ്മി പ്രിയ രാജിവിവരം പങ്കുവെച്ചത്. തനിക്ക് പെൻഷനും ഇൻഷുറൻസും റീത്തും അനുശോചനവും വേണ്ടെന്നും, തന്റെ രാജി മുതിർന്ന അംഗങ്ങളായ കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്ക് സമർപ്പിക്കുന്നുവെന്നും അവർ പറഞ്ഞിരുന്നു. ഇവർ ജീവിച്ചിരിക്കുമ്പോൾ താൻ മരിക്കുകയാണെങ്കിൽ തന്റെ ശവം കാണാൻ പോലും ആരും വരരുതെന്നും, തന്നെ സ്‌നേഹിക്കുന്ന ഏതാനും പേർ ഒഴികെ മറ്റാരും ഈ പടി കടന്ന് വരരുതെന്നും ലക്ഷ്മി പ്രിയ കുറിച്ചു.

മുൻപ് ടിനി ടോമും ഇനി അമ്മയിൽ സാധാരണ അംഗമായി മാത്രമേ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.

അടുത്തിടെയാണ് അമ്മ ഭരണസമിതി കൂട്ടമായി രാജിവെച്ചത്. ഭരണസമിതിയിലെ 17 അംഗങ്ങളും കാലാവധി പൂർത്തിയാകാൻ രണ്ട് വർഷം ബാക്കി നിൽക്കെയാണ് രാജി സമർപ്പിച്ചത്. ജോയിന്റ് സെക്രട്ടറിയായ അൻസിബ ഹസനും നേരത്തെ രാജിവെച്ചിരുന്നു.

തുടർന്നാണ് ഒമ്പതംഗ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്. രമേഷ് പിഷാരടിയാണ് കൺവീനർ. കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണ പ്രഭ, ആശ അരവിന്ദ്, ഷാജോൺ, ദേവി ചന്ദന എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

നാല് മാസത്തേക്കാണ് അഡ്‌ഹോക് കമ്മിറ്റി സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുക. സ്ഥിരം ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കാനുള്ള അധികാരവും അഡ്‌ഹോക് കമ്മിറ്റിക്കാണ്. നടൻ ജഗദീഷാണ് അഡ്‌ഹോക് കമ്മിറ്റി പ്രഖ്യാപിച്ചത്.

You may also like