Home Localഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് യുവതിയുടെ കരച്ചിൽ; തട്ടിക്കൊണ്ടുപോകലെന്ന് സംശയം, ഒടുവിൽ ദമ്പതികളുടെ വാക്കുതർക്കമെന്ന് കണ്ടെത്തൽ

ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് യുവതിയുടെ കരച്ചിൽ; തട്ടിക്കൊണ്ടുപോകലെന്ന് സംശയം, ഒടുവിൽ ദമ്പതികളുടെ വാക്കുതർക്കമെന്ന് കണ്ടെത്തൽ

by news_desk1
0 comments

തൃശൂർ: ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് യുവതിയുടെ കരച്ചിലും ഉച്ചത്തിലുള്ള ശബ്ദവും കേട്ടതിനെ തുടർന്ന് തട്ടിക്കൊണ്ടുപോകലാണെന്ന സംശയത്തിൽ നാട്ടുകാരൻ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ, സംഭവത്തിന് പിന്നിൽ ദമ്പതികൾ തമ്മിലുണ്ടായ വാക്കുതർക്കമാണെന്ന് പൊലീസ് കണ്ടെത്തി.

ചേറ്റുവ ഭാഗത്തുനിന്ന് വാടാനപ്പള്ളി ഭാഗത്തേക്ക് പോയ കാറിന്റെ രജിസ്ട്രേഷൻ നമ്പർ സഹിതമാണ് കാൽനട യാത്രികൻ വാടാനപ്പള്ളി പൊലീസിനെ വിവരം അറിയിച്ചത്. ഇതോടെ വാഹനം കടന്നുപോകാൻ സാധ്യതയുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറി വ്യാപക പരിശോധന ആരംഭിച്ചു.

തുടർന്ന് ഉച്ചയ്ക്ക് 2.40ഓടെ മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരിഞ്ഞനത്ത് വാഹനം കണ്ടെത്തി തടഞ്ഞുനിർത്തി. പരിശോധനകൾക്കായി കാർ മതിലകം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കാറിലുണ്ടായിരുന്നത് പത്തനംതിട്ട സ്വദേശികളായ ദമ്പതികളാണെന്ന് വ്യക്തമായത്. ഗുരുവായൂരിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇരുവരും കാറിനുള്ളിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടത്. ഇതിനിടെ യുവതി ശബ്ദമുയർത്തി സംസാരിച്ചതാണ് തട്ടിക്കൊണ്ടുപോകലാണെന്ന സംശയത്തിന് ഇടയാക്കിയതെന്ന് ദമ്പതികൾ പൊലീസിനോട് വിശദീകരിച്ചു.

ആദ്യം ലഭിച്ച വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറിൽ ചെറിയ പിഴവുണ്ടായിരുന്നെങ്കിലും, സമയം കളയാതെ പൊലീസ് നടത്തിയ ഏകോപിതമായ ഇടപെടലാണ് വാഹനം വേഗത്തിൽ കണ്ടെത്താൻ സഹായിച്ചത്. ഇതോടെ നാട്ടുകാരുടെയും പൊലീസിന്റെയും ആശങ്കക്കും വിരാമമായി.

You may also like