തൃശൂർ: കഴിഞ്ഞ വർഷത്തെ പുലിക്കളി മഹോത്സവത്തിനായി പ്രഖ്യാപിച്ച കേന്ദ്രസർക്കാർ ധനസഹായം ലഭിക്കാതിരുന്ന വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ട് ഇടപെട്ടു. പുലിക്കളി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ പുലിക്കളി സംഘങ്ങളുടെ അടിയന്തര യോഗം വിളിച്ചുചേർത്ത് മന്ത്രി വിഷയത്തിന്റെ വിശദാംശങ്ങൾ വിലയിരുത്തി.
കേന്ദ്രഫണ്ട് ലഭിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സംസ്ഥാന ടൂറിസം വകുപ്പിന് സംഭവിച്ച വീഴ്ചയാണ് തുക തടസപ്പെടാൻ കാരണമായതെന്ന വിലയിരുത്തലാണ് യോഗത്തിൽ ഉയർന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും പ്രതിനിധികളിൽ നിന്ന് മന്ത്രി വിശദീകരണം തേടി.
കുടുങ്ങിക്കിടക്കുന്ന ഫണ്ട് ലഭ്യമാക്കാനുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് രണ്ടുദിവസത്തിനകം വ്യക്തമായ മറുപടി നൽകുമെന്നും, നിലവിലെ ഫണ്ട് ലഭ്യമാകാത്ത സാഹചര്യമുണ്ടായാൽ ഇത്തവണ കൂടുതൽ കേന്ദ്രസഹായം അനുവദിക്കാൻ ശ്രമിക്കുമെന്നും സുരേഷ് ഗോപി ഉറപ്പ് നൽകി.
കേന്ദ്രസഹായവുമായി ബന്ധപ്പെട്ട് മാസങ്ങളായി വ്യക്തത ലഭിക്കാത്തതിനെ തുടർന്ന് സമരപരിപാടികളിലേക്ക് കടക്കാനിരുന്ന പുലിക്കളി കൂട്ടായ്മയുടെ പരാതിയെ തുടർന്നാണ് കേന്ദ്രമന്ത്രിയുടെ അടിയന്തര ഇടപെടൽ.
യോഗത്തിൽ വിവിധ പുലിക്കളി ദേശങ്ങളിലെ ഭാരവാഹികളും ബി.ജെ.പി. കോർപ്പറേഷൻ കൗൺസിലർമാരും പങ്കെടുത്തു.

