ആലപ്പുഴ: അമ്പലപ്പുഴയിലെ നീർക്കുന്നം സ്കൂളിൽ ജി സുധാകരൻ എംഎൽഎയും സിപിഐഎം പ്രവർത്തകരും തമ്മിൽ വാക്കുതർക്കവും സംഘർഷവും. സംഭവത്തിനിടെ കയ്യാങ്കളിയുണ്ടായതായും ഒരാൾ ആശുപത്രിയിൽ ചികിത്സ തേടിയതായും റിപ്പോർട്ട്.
സ്കൂളിൽ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നുവെന്ന ആരോപണം അന്വേഷിക്കാനാണ് ജി സുധാകരൻ സ്കൂളിലെത്തിയത്. ഈ സമയത്ത് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ മുൻ സിപിഐഎം പ്രസിഡന്റും മറ്റ് അംഗങ്ങളും സ്ഥലത്തെത്തിയതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി.
സ്കൂൾ കെട്ടിടം പൊളിച്ച ശേഷം അവിടെ നിന്ന് മണ്ണ് അനധികൃതമായി കടത്തുകയാണെന്നായിരുന്നു ജി സുധാകരന്റെ ആരോപണം.
കോൺഗ്രസ് പ്രവർത്തകരോടൊപ്പമായിരുന്നു ജി സുധാകരൻ സ്കൂളിലെത്തിയത്. അപ്പോൾ സ്കൂൾ പി.ടി.എ പ്രസിഡന്റ് കൂടിയായ മുൻ എംഎൽഎ എച്ച്. സലാമിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം പ്രശാന്ത് കുട്ടിയും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസും സ്ഥലത്തുണ്ടായിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റം രൂക്ഷമായി.
ജി സുധാകരൻ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് സിപിഐഎം പ്രവർത്തകരുടെ വിശദീകരണം. മണ്ണ് മാറ്റിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈവശമുണ്ടെന്നും അവർ അറിയിച്ചു.
ജി സുധാകരനോടൊപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ സിപിഐഎം നേതാക്കളെ കൈയേറ്റം ചെയ്തതായി പരാതിയുണ്ട്. സംഭവത്തിൽ പ്രശാന്ത് കുട്ടി നിലവിൽ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയാണ്.
അതേസമയം, താൻ രാഷ്ട്രീയം കളിക്കാനല്ല എത്തിയതെന്നും സ്കൂളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് മണ്ണ് എടുത്തതിനെ തുടർന്നാണെന്നുമാണ് ജി സുധാകരന്റെ പ്രതികരണം.
ജി സുധാകരൻ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പെരുമാറുന്നതെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. ഓൺലൈൻ മാധ്യമപ്രവർത്തകരുമായി എത്തി ശ്രദ്ധ നേടാനാണ് ശ്രമിച്ചതെന്നും പ്രവർത്തകർ ആരോപിച്ചു.
ജി സുധാകരൻ സ്കൂൾ പരിസരത്ത് അതിക്രമിച്ച് കയറിയെന്നാണ് പി.ടി.എയുടെ ആരോപണം. ഒടുവിൽ അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗങ്ങളെയും പിരിച്ചുവിട്ടു. മുൻ എംഎൽഎ എച്ച്. സലാമും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

