തിരുവനന്തപുരം: ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഈ വർഷം മുതൽ ശബരിമല തീർത്ഥാടനം പൂർണമായും ഡിജിറ്റലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സന്നിധാനത്തെ 690 മുറികളിൽ മുൻപ് 190 എണ്ണം മാത്രമാണ് ഓൺലൈൻ വഴി നൽകിയിരുന്നത്. വിശദമായ കണക്കെടുപ്പിന് ശേഷം ഇനി മുതൽ 550 മുറികൾ തീർത്ഥാടകർക്കായി ഓൺലൈൻ വഴി ലഭ്യമാക്കും. എല്ലാ മുറികൾക്കും ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കും. ഇതിനായി ഡെപ്പോസിറ്റ് തുക ഒഴിവാക്കിയതായും മുറിവാടക മുൻകൂറായി നൽകി 50 രൂപ സർവീസ് ചാർജ് അടച്ച് ബുക്ക് ചെയ്യാമെന്നും അറിയിച്ചു.
നിലവിൽ ഹൗസ് കീപ്പിംഗ് സംവിധാനം ഇല്ലാത്തതിനാൽ ഈ സീസൺ മുതൽ അത് ഔട്ട്‌സോഴ്‌സ് ചെയ്യും. ശബരി ഗസ്റ്റ് ഹൗസിലെ നിലവിലുള്ള 56 മുറികൾക്ക് പുറമെ ഹൈപവർ കമ്മിറ്റിയുടെയും ഹൈക്കോടതിയുടെയും അനുമതിയോടെ 60 മുറികൾ കൂടി പുതുതായി നിർമ്മിക്കും.
നവംബർ 1 മുതൽ 90 ദിവസത്തേക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് എ.ഐ ക്യാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെ കൺട്രോൾ റൂം പ്രവർത്തിക്കും.
തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം
തിരക്ക് നിയന്ത്രിക്കുന്നതിനായി സന്നിധാനത്ത് എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ക്രൗഡ് കൺട്രോൾ റൂം സ്ഥാപിക്കും.
പടിപൂജയ്ക്ക് 2048 വരെ ബുക്കിംഗ് പൂർത്തിയായ സാഹചര്യത്തിൽ തന്ത്രിയുടെ അനുമതിയോടെ ദിവസം ഒന്നിന് പകരം അഞ്ച് പടിപൂജകൾ വീതം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. തീർത്ഥാടന കാലയളവിൽ ക്യൂവിൽ കാത്തുനിൽക്കുന്ന സമയത്തിന്റെ ഗുണനിലവാരം ഉയർത്താനും നടപടികൾ സ്വീകരിക്കും.
തീർത്ഥാടനത്തിനിടെ മരണപ്പെട്ട 54 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ഇൻഷുറൻസ് സഹായം നൽകും. വെർച്വൽ ക്യൂ ടിക്കറ്റിനൊപ്പം ഈടാക്കുന്ന അഞ്ച് രൂപ ഫണ്ടിൽ നിന്നാണ് ഈ തുക കണ്ടെത്തുന്നത്. ഈ സീസൺ മുതൽ ഇൻഷുറൻസ് പദ്ധതിക്കായി എൽ.ഐ.സിയുമായി ചർച്ച നടത്തുമെന്നും അറിയിച്ചു.
അന്നദാനത്തിന് വ്യക്തിഗത സ്പോൺസർഷിപ്പ് ഇല്ല
കർക്കിടകമാസം കഴിഞ്ഞാൽ സന്നിധാനവും പരിസരവും ഡീപ്പ് ക്ലീനിംഗ് നടത്തുന്നതിനായി ക്ലീൻ കേരള കമ്പനിയുമായി കരാറിലേർപ്പെടും.
ഈ സീസൺ മുതൽ അന്നദാനത്തിന് വ്യക്തിഗത സ്പോൺസർഷിപ്പ് സ്വീകരിക്കില്ലെന്നും മാന്യമായ രീതിയിൽ കേരള സദ്യ നൽകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.
മറ്റ് പദ്ധതികൾ
ശബരിമലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വാസ്തുവിദ്യാ ഗുരുകുലത്തെ കൺസൾട്ടന്റാക്കും. ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ടെക്നിക്കൽ ക്വാളിറ്റി എൻജിനീയറിംഗ് ടീമിനെ നിയോഗിക്കും. സന്നിധാനത്ത് പുതിയ തീർത്ഥക്കുളം നിർമ്മിക്കാനും പദ്ധതിയുണ്ട്.
യു.എൽ.സി.സിക്ക് 6 കോടി രൂപ നൽകാനുണ്ടെന്ന വാദത്തോട് പ്രതികരിച്ച കെ. ജയകുമാർ, ദേവസ്വം ബോർഡ് ഓഡിറ്റർ അത് അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞു. ബോർഡിന് നൽകാനുള്ള തുകയുണ്ടെങ്കിലും അത് നേരിട്ട് ബോർഡിന്റെ ഫണ്ടിൽ നിന്ന് നൽകാൻ കഴിയില്ലെന്നും ആലോചിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, “കാലം ഉണക്കാത്ത മുറിവുണ്ടോ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

