Home Keralaഅടുക്കളയിലും കുളിമുറിയിലും റേഷൻ അരിച്ചാക്കുകൾ; അതിർത്തിയിലെ അരിക്കടത്തിൽ വൻ മാഫിയയെന്ന് സംശയം, പരിശോധന

അടുക്കളയിലും കുളിമുറിയിലും റേഷൻ അരിച്ചാക്കുകൾ; അതിർത്തിയിലെ അരിക്കടത്തിൽ വൻ മാഫിയയെന്ന് സംശയം, പരിശോധന

by news_desk1
0 comments

തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ചുള്ള അനധികൃത റേഷൻ അരിക്കടത്തിനെതിരെ സിവിൽ സപ്ലൈസ് വകുപ്പ് പരിശോധന ശക്തമാക്കി. തിരുവനന്തപുരം പാറശാല കാരാളിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ വീട്ടിലെ അടുക്കളയിലും കുളിമുറിയിലും റേഷൻ അരി ചാക്കുകളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. 199 ചാക്ക് റേഷൻ അരിയും നാല് ചാക്ക് ഗോതമ്പുമാണ് ഇവിടെനിന്ന് അധികൃതർ പിടിച്ചെടുത്തത്. വീട് ആരുടേതാണെന്നോ അരി ലോഡ് ആരുടേതാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.

സംഭവത്തിന് പിന്നിൽ വൻ മാഫിയാ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എട്ട് ഗോഡൗണുകളിൽ നടത്തിയ പരിശോധനയിൽ 62 ടൺ അരിയും നാല് ടൺ ഗോതമ്പും പിടിച്ചെടുത്തു.

നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസർ പ്രവീൺകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കാരാളിയിലെ പരിശോധന. ഇതുവരെ നടന്ന പരിശോധനകളെല്ലാം പ്രധാനമായും ഗോഡൗണുകൾ കേന്ദ്രീകരിച്ചായിരുന്നു. എന്നാൽ, വീടുകളിലും റേഷൻ സാധനങ്ങൾ അനധികൃതമായി സൂക്ഷിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന വ്യാപിപ്പിച്ചത്.

കേരള–തമിഴ്നാട് അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് റേഷൻ അരി അനധികൃതമായി സംഭരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡഡ് അരിയാക്കി വിൽക്കുന്ന വിവരം തെളിവുകൾ സഹിതം പുറത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാനത്ത് സിവിൽ സപ്ലൈസ് വകുപ്പ് മിന്നൽ പരിശോധന ആരംഭിച്ചത്.

പനച്ചമൂട്, പാറശാല, ഇഞ്ചിവിള, അഞ്ചാലിക്കോണം തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഒരാഴ്ചയ്ക്കിടെ 62 ടൺ അരിയും നാല് ടൺ ഗോതമ്പും പിടിച്ചെടുത്തത്. ആകെ എട്ട് ഗോഡൗണുകളിലാണ് പരിശോധന നടത്തിയത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏകദേശം 75,000 കിലോ റേഷൻ അരി പിടിച്ചെടുത്തതായി താലൂക്ക് സപ്ലൈ ഓഫീസർ പ്രവീൺകുമാർ പറഞ്ഞു. തമിഴ്നാടുമായി രണ്ട് മാസം കൂടുമ്പോൾ യോഗം നടത്താറുണ്ടെങ്കിലും പൂവാർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ കൃത്യമായ നിരീക്ഷണം നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റേഷൻ കരിഞ്ചന്തക്കാരെ പൂട്ടാൻ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്നും അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

You may also like