വോട്ടിന്റെ കാവൽക്കാരന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നിടത്ത് ജനാധിപത്യത്തിന് മൗനം പാലിക്കാനാവില്ല.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും നിർണായകമായ ഭരണഘടനാ സ്ഥാപനങ്ങളിലൊന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. കോടിക്കണക്കിന് പൗരന്മാർ തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കുന്ന പ്രക്രിയയുടെ വിശ്വാസ്യതയും നിഷ്പക്ഷതയും ഉറപ്പാക്കേണ്ട ഉത്തരവാദിത്വം അതിനാണ്. അതുകൊണ്ടുതന്നെ കമ്മീഷന്റെ അകത്തുനിന്നുതന്നെ ഉയരുന്ന ഭിന്നാഭിപ്രായങ്ങൾ സാധാരണ ഭരണനടപടിയിലെ അഭിപ്രായവ്യത്യാസമായി മാത്രം കാണാനാവില്ല. കഴിഞ്ഞ പത്ത് മാസത്തിനിടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കമ്മീഷനിലെ അംഗങ്ങളായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും വിവിധ തീരുമാനങ്ങളിലും നടപടികളിലും കുറഞ്ഞത് 14 തവണ രേഖാമൂലം എതിർപ്പ് ഉന്നയിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. വോട്ടർപട്ടിക പരിഷ്കരണം, പുതിയ വോട്ടർമാരുടെ രജിസ്ട്രേഷൻ, ഫോം 6-ലെ മാറ്റങ്ങൾ, വോട്ടർ ഡാറ്റ കൈകാര്യം ചെയ്യൽ തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും ചോദ്യങ്ങൾ ഉയർന്നത്. ഇതിനെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളഞ്ഞിട്ടില്ല; മറിച്ച്, അംഗങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും അന്തിമ തീരുമാനങ്ങൾ മൂന്ന് കമ്മീഷണർമാരുടെയും ഏകകണ്ഠമായ അംഗീകാരത്തോടെയാണ് എടുത്തതെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ യഥാർഥ ചോദ്യം ‘ഭിന്നത ഉണ്ടായോ?’ എന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ഭിന്നാഭിപ്രായങ്ങൾ എങ്ങനെ പരിഗണിക്കപ്പെട്ടു, അന്തിമ തീരുമാനത്തിലെത്തിയത് എങ്ങനെയാണ്, ആ നടപടിക്രമം പൊതുജനങ്ങൾക്ക് എത്രത്തോളം സുതാര്യമാണ് എന്നതാണ് ചോദിക്കേണ്ടത്. പ്രത്യേകിച്ച് എസ്.ഐ.ആർ പോലെയുള്ള വോട്ടർപട്ടികാ പരിഷ്കരണ നടപടികൾ കോടിക്കണക്കിന് പൗരന്മാരുടെ വോട്ടവകാശത്തെ നേരിട്ട് ബാധിക്കുന്നതാണ്. ഒരു പേര് പട്ടികയിൽ ഉൾപ്പെടുന്നതും ഒഴിവാക്കപ്പെടുന്നതും ഒരു ഭരണപരമായ കണക്കുപിശകല്ല; ഒരു പൗരന്റെ ജനാധിപത്യ പങ്കാളിത്തത്തെ ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ടുതന്നെ മാനദണ്ഡങ്ങളിലും സാങ്കേതിക സംവിധാനങ്ങളിലും നടപടിക്രമങ്ങളിലും ചെറിയൊരു സംശയത്തിന് പോലും വലിയ പ്രത്യാഘാതമുണ്ടാകും. ഇവിടെ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണവും ഒരുപോലെ പൊതുസമൂഹത്തിന് മുന്നിലുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സി.ജെ.പിയും കമ്മീഷനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മറുവശത്ത്, തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ അന്തിമ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. അതിനാൽ ഇപ്പോൾ വേണ്ടത് ആരോപണങ്ങളുടെ രാഷ്ട്രീയ ഏറ്റുമുട്ടലല്ല; രേഖകളുടെ പരിശോധനയും നടപടിക്രമങ്ങളുടെ സുതാര്യതയുമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യേണ്ടത് വളരെ വ്യക്തമാണ്. എസ്.ഐ.ആറിന്റെ മാനദണ്ഡങ്ങൾ പൊതുജനങ്ങൾക്ക് വ്യക്തമായി വിശദീകരിക്കണം. ഫോം 6 ഉൾപ്പെടെയുള്ള മാറ്റങ്ങളുടെ നിയമപരമായ അടിത്തറ വ്യക്തമാക്കണം. കമ്മീഷണർമാർ രേഖപ്പെടുത്തിയ വിയോജനങ്ങളുടെ സ്വഭാവവും അവ അന്തിമ തീരുമാനങ്ങളിൽ എങ്ങനെ പരിഗണിക്കപ്പെട്ടുവെന്നും സാധ്യമായ പരിധിയിൽ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കണം. വോട്ടർ ഡാറ്റയുടെ സുരക്ഷയും കേന്ദ്രീകരണവുമായി ബന്ധപ്പെട്ട ആശങ്കകൾക്കും വ്യക്തമായ മറുപടി നൽകണം. റിപ്പോർട്ട് ചെയ്യപ്പെട്ട ആശങ്കകളിൽ ചിലത് സംബന്ധിച്ച് കമ്മീഷണർമാർ തന്നെ രേഖപ്പെടുത്തിയ ചോദ്യങ്ങൾക്ക് സ്ഥാപനപരമായ മറുപടി ഉണ്ടാകണം. ജനാധിപത്യത്തിൽ വിയോജിപ്പ് കുറ്റമല്ല. പക്ഷേ വിയോജിപ്പ് എങ്ങനെ തീരുമാനമായി മാറുന്നു എന്നതിൽ സുതാര്യത അനിവാര്യമാണ്. ഏകകണ്ഠമായ തീരുമാനം എന്ന ഒറ്റവാക്കിന് പിന്നിൽ എല്ലാ ചോദ്യങ്ങളും മറച്ചുവയ്ക്കാനാകില്ല. അതുപോലെ, ഒരു രാഷ്ട്രീയ ആരോപണം ഉയർന്നുവെന്ന കാരണത്താൽ കമ്മീഷന്റെ തീരുമാനങ്ങളെ കുറ്റമായി പ്രഖ്യാപിക്കാനും കഴിയില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത സംരക്ഷിക്കേണ്ടത് ഭരണപക്ഷത്തിന്റെയോ പ്രതിപക്ഷത്തിന്റെയോ മാത്രം ബാധ്യതയല്ല. അത് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന്റെ ബാധ്യതയാണ്. കമ്മീഷനെ വിമർശിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്; വിമർശനങ്ങൾക്ക് രേഖകളോടെ മറുപടി നൽകാനുള്ള ഉത്തരവാദിത്വം കമ്മീഷനുമുണ്ട്. വോട്ട് ഒരു കടലാസ് കഷണമല്ല. അത് ഒരു പൗരന്റെ ജനാധിപത്യ അസ്തിത്വത്തിന്റെ രേഖയാണ്. ആ രേഖയുടെ വിശുദ്ധിയിൽ സംശയം വളരാൻ പാടില്ല. തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലുള്ള പരീക്ഷണം അതുകൊണ്ടുതന്നെ ഒരു തിരഞ്ഞെടുപ്പ് നടത്താനുള്ള പരീക്ഷണമല്ല; ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാനുള്ള പരീക്ഷണമാണ്. ആ പരീക്ഷണത്തിന്റെ ഉത്തരപത്രത്തിൽ വേണ്ടത് രാഷ്ട്രീയ വിശദീകരണങ്ങളല്ല-സുതാര്യത, നിയമാനുസൃതത, ഉത്തരവാദിത്വം, വിശ്വാസ്യത.
