ന്യൂഡൽഹി: രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലും പീഡനങ്ങളിലും കടുത്ത ആശങ്കയുയർത്തി വൻ വർദ്ധനവ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) കണക്കുകൾ പ്രകാരം കഴിഞ്ഞ പത്ത് വർഷത്തിനിടെ കേസുകളുടെ എണ്ണത്തിൽ നാലിരട്ടി വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കേസ് രജിസ്ട്രേഷനുകൾ കുതിച്ചുയരുമ്പോഴും പ്രതികൾ ശിക്ഷിക്കപ്പെടുന്ന നിരക്ക് വളരെ താഴ്ന്നുനിൽക്കുന്നത് നീതിന്യായ വ്യവസ്ഥിതി നേരിടുന്ന വലിയ വെല്ലുവിളിയായി തുടരുന്നു.
2012-ൽ പോക്സോ (POCSO) നിയമം നിലവിൽ വന്നിട്ടും അതിക്രമങ്ങളുടെ നിരക്ക് ക്രമാതീതമായി ഉയരുകയാണ് ചെയ്തത്. 2015-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഇരയായ 10,934 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത്, 2024-ൽ അത് 43,675 ആയി ഉയർന്നു. 2020 മുതൽ 2024 വരെയുള്ള കാലയളവിൽ മാത്രം 1.83 ലക്ഷം പെൺകുട്ടികളാണ് പീഡനത്തിനിരയായത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലൈംഗികാതിക്രമങ്ങളിൽ 96,505 പ്രായപൂർത്തിയാകാത്ത ഇരകളുണ്ടായി. പ്രതിദിനം നൂറിലധികം പോക്സോ കേസുകൾ രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെന്നും ആക്രമണങ്ങളിൽ ഭൂരിഭാഗവും കുട്ടികൾക്ക് പരിചയമുള്ളവരോ ബന്ധുക്കളോ അയൽക്കാരോ ആണ് നടത്തുന്നതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
അതിക്രമങ്ങൾ വർധിക്കുമ്പോഴും കേസ് അന്വേഷണത്തിലെ വീഴ്ചകൾ, ശാസ്ത്രീയ തെളിവുകളുടെ അഭാവം, വിചാരണയിലുണ്ടാകുന്ന കാലതാമസം എന്നിവ കാരണം 80 ശതമാനത്തിലധികം കേസുകളും തീർപ്പാകാതെ കിടക്കുകയാണ്. ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വിചാരണ നീണ്ടുപോകുന്നത് സാക്ഷികൾ മൊഴി മാറ്റുന്നതിനും ഇരയായ കുടുംബങ്ങൾ സമ്മർദ്ദത്തിലാകുന്നതിനും കാരണമാകുന്നു. നിയമങ്ങൾ കർശനമാക്കുന്നതിനൊപ്പം സമയബന്ധിതമായ അന്വേഷണവും തെളിവ് ശേഖരണവും ഉറപ്പാക്കിയാൽ മാത്രമേ പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ സാധിക്കൂ എന്ന് റിപ്പോർട്ടുകൾ അടിവരയിടുന്നു.
