Home Nationalപ്രശസ്ത സംഗീത സംവിധായകൻ ദേവ അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകൻ ദേവ അന്തരിച്ചു

by news_desk1
0 comments

ചെന്നൈ: തമിഴ് സിനിമയിലെ ഹിറ്റ് ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ മനസ്സിൽ ഇടം നേടിയ പ്രശസ്ത സംഗീത സംവിധായകൻ ദേവ അന്തരിച്ചു. 76 വയസ്സായിരുന്നു. ദേവൻ ചൊക്കലിംഗം എന്നായിരുന്നു യഥാർഥ പേര്. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി 400ലേറെ സിനിമകൾക്ക് അദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്.

ചെന്നൈയിലെ ടി നഗറിലുള്ള വസതിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. 1950ൽ മൈലാപ്പുരിലായിരുന്നു ദേവയുടെ ജനനം. സംഗീതലോകത്ത് ‘തെന്നിസൈ തെൻട്രൽ’ എന്ന വിശേഷണത്തിലും അദ്ദേഹം അറിയപ്പെട്ടു.

1986ൽ പുറത്തിറങ്ങിയ ‘മാട്ടുക്കാര മന്നാരു’ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിൽ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ‘അണ്ണാമലൈ’, ‘ബാഷ’, ‘കാതൽ കോട്ടൈ’, ‘വാലി’, ‘ഖുഷി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ ഗാനങ്ങൾ ഒരുക്കി. മലയാളത്തിൽ ‘ദ് പ്രിൻസ്’, ‘ഫാന്റം’, ‘കിങ് സോളമൻ’ തുടങ്ങിയ ചിത്രങ്ങൾക്കും അദ്ദേഹം സംഗീതം നൽകി. നാടൻപാട്ടുകൾക്കും ഭക്തിഗാനങ്ങൾക്കും ഈണമൊരുക്കിയ ദേവയുടെ സംഗീതസംഭാവന സിനിമകൾക്കപ്പുറത്തേക്കും വ്യാപിച്ചു.

രജനീകാന്തിന്റെ സിനിമകളുടെ ടൈറ്റിൽ കാർഡിൽ ഉപയോഗിക്കുന്ന സംഗീതത്തിന് ഈണമിട്ടതും ദേവയാണ്. തമിഴ്നാട് ദൂരദർശനുമായി ചേർന്നും അദ്ദേഹം കുറച്ചുകാലം പ്രവർത്തിച്ചിരുന്നു. 1980കളിൽ നിരവധി ഭക്തിഗാന ആൽബങ്ങളും ഒരുക്കി. സംഗീത സംവിധായകൻ ഇളയരാജയ്ക്കൊപ്പം പ്രവർത്തിച്ചാണ് ദേവ സിനിമാരംഗത്ത് സജീവമായത്.

നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ദക്ഷിണേന്ത്യൻ സിനിമാസംഗീതത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ദേവയുടെ വിയോഗം സംഗീതലോകത്തിന് വലിയ നഷ്ടമാണ്.

You may also like