Home Kerala‘ആയുധങ്ങളിലൂടെ സാമൂഹിക മാറ്റം സാധ്യമല്ല’; ഏഴുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് ദമ്പതികൾ കീഴടങ്ങി

‘ആയുധങ്ങളിലൂടെ സാമൂഹിക മാറ്റം സാധ്യമല്ല’; ഏഴുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് ദമ്പതികൾ കീഴടങ്ങി

by news_desk1
0 comments

കൊൽക്കത്ത: ആയുധങ്ങളേന്തിയുള്ള പോരാട്ടത്തിലൂടെ സാമൂഹിക മാറ്റം സാധ്യമല്ലെന്ന തിരിച്ചറിവിൽ അക്രമത്തിന്റെ വഴി ഉപേക്ഷിച്ച് മാവോയിസ്റ്റ് ദമ്പതികൾ കീഴടങ്ങി. പശ്ചിമ ബംഗാളിലും ഝാർഖണ്ഡിലും നിരവധി കേസുകളിൽ പ്രതികളായ മംഗളും മാലതിയുമാണ് കൊൽക്കത്ത പൊലീസിന് മുന്നിൽ ആയുധങ്ങൾ വെച്ച് കീഴടങ്ങിയത്. ഇരുവർക്കുമായി പശ്ചിമ ബംഗാൾ, ഝാർഖണ്ഡ് പൊലീസുകൾ ചേർന്ന് ഏഴുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

കൊൽക്കത്തയിലെ ലാൽബസാറിലുള്ള പൊലീസ് ആസ്ഥാനത്ത് പൊലീസ് കമ്മീഷണർ അജയ് കുമാർ നന്ദിക്ക് മുന്നിലാണ് ദമ്പതികൾ കീഴടങ്ങിയത്. എ.കെ.-47 ഉൾപ്പെടെയുള്ള റൈഫിളുകളും മറ്റ് ആയുധങ്ങളും ഇവർ പൊലീസിന് കൈമാറി. ഒരുകാലത്ത് പ്രമുഖ മാവോയിസ്റ്റ് നേതാവ് കിഷൻജിയുടെ അടുത്ത അനുയായിയായിരുന്നു മംഗൾ.

ആയുധമേന്തിയുള്ള പോരാട്ടത്തിലൂടെ സാമൂഹിക മാറ്റം സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് അക്രമത്തിന്റെ വഴി ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്ന് മംഗൾ വ്യക്തമാക്കി. പശ്ചിമ ബംഗാൾ സർക്കാരിന്റെ പുനരധിവാസ നയത്തിലുള്ള വിശ്വാസവും പൊതുധാരയിലേക്ക് മടങ്ങാനുള്ള തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ട്.

2010ൽ ‘പീപ്പിൾസ് കമ്മിറ്റി എഗെയ്ൻസ്റ്റ് പൊലീസ് അട്രോസിറ്റീസ്’ എന്ന സംഘടനയിൽ സജീവമായിരുന്ന കാലത്താണ് മംഗൾ മാവോയിസ്റ്റ് പ്രസ്ഥാനത്തിലേക്ക് എത്തിയത്. 2011–12 കാലഘട്ടത്തിനുശേഷം ദൽമ മേഖലയിലേക്കും ഝാർഖണ്ഡിലെ സാരണ്ഡ വനമേഖലയിലേക്കും പ്രവർത്തനകേന്ദ്രം മാറ്റി.

ഝാർഖണ്ഡിലെ വനമേഖലയിൽ സുരക്ഷാസേനയുടെ ശക്തമായ തിരച്ചിലും സമ്മർദവും കാരണം മാവോയിസ്റ്റുകൾ പ്രദേശം വിടാൻ നിർബന്ധിതരായെന്നാണ് പൊലീസിന്റെ വിശദീകരണം. കഴിഞ്ഞ ജൂണിൽ പ്രമുഖ മാവോയിസ്റ്റ് നേതാവ് ശകുന്തള മഹതോ എന്ന പുഷ്പയും കൊൽക്കത്ത പൊലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മംഗളും മാലതിയും ആയുധങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങിയത്.

You may also like