വാഷിംഗ്ടൺ: യു.എസിലെ നിർണായക ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഡോണൾഡ് ട്രംപിന് തിരിച്ചടിയായി സുപ്രീം കോടതിയുടെ ഉത്തരവ്. കാലിഫോർണിയ സംസ്ഥാനത്തെ 20,000-ത്തോളം പോസ്റ്റൽ വോട്ടുകൾ എണ്ണരുതെന്നാവശ്യപ്പെട്ട് ട്രംപ് ഭരണകൂടവും നീതിന്യായ വകുപ്പും സമർപ്പിച്ച അടിയന്തര ഹർജി യു.എസ് സുപ്രീം കോടതി തള്ളി. വോട്ട് ചെയ്തവരിൽ അമേരിക്കൻ പൗരന്മാരല്ലാത്തവരുണ്ടെന്നാരോപിച്ചായിരുന്നു ട്രംപിന്റെ നീക്കം. ഹർജി നൽകി മണിക്കൂറുകൾക്കകം തന്നെ ജഡ്ജിമാർ ആവശ്യം തള്ളിക്കളയുകയായിരുന്നു.
യു.എസിലെ ഏറ്റവും ജനസംഖ്യയുള്ളതും ഡെമോക്രാറ്റിക് പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ളതുമാണ് കാലിഫോർണിയ സംസ്ഥാനം. പൗരന്മാരല്ലാത്തവർ വോട്ട് ചെയ്യുന്നുണ്ടെന്നാരോപിച്ച് ഭരണകൂടം നൽകിയ ഹർജി ആയിരക്കണക്കിന് വോട്ടർമാരെ ബാധിക്കുന്നതിനോടൊപ്പം തെരഞ്ഞെടുപ്പ് ഫലങ്ങളിൽ വലിയ അനിശ്ചിതത്വം സൃഷ്ടിക്കാൻ ഉതകുന്നതുമായിരുന്നു. എന്നാൽ, പൗരന്മാരല്ലാത്തവർ വോട്ട് ചെയ്യുന്ന സംഭവങ്ങൾ വളരെ അപൂർവ്വമാണെന്നും ശക്തമായ സുരക്ഷാ സംവിധാനങ്ങൾ സംസ്ഥാനത്തുണ്ടെന്നും കാണിച്ച് കാലിഫോർണിയ കോടതിയിൽ ശക്തമായ പ്രതിരോധം തീർത്തു. ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷം നിലനിർത്താൻ റിപ്പബ്ലിക്കൻ പാർട്ടി കടുത്ത പോരാട്ടം നടത്തുന്നതിനിടയുണ്ടായ ഈ വിധി ട്രംപ് ക്യാമ്പിന് വലിയൊരു പ്രഹരമായി മാറിയിരിക്കുകയാണ്.
