Home Top Stories‘ഇറാനുമായുള്ള യുദ്ധം ഫലത്തിൽ അവസാനിച്ചു’; ട്രംപിന്റെ പ്രഖ്യാപനം, വീണ്ടും ആക്രമിക്കില്ലെന്ന് സൂചന

‘ഇറാനുമായുള്ള യുദ്ധം ഫലത്തിൽ അവസാനിച്ചു’; ട്രംപിന്റെ പ്രഖ്യാപനം, വീണ്ടും ആക്രമിക്കില്ലെന്ന് സൂചന

by news_desk1
0 comments

തെഹ്‌റാൻ: ഇറാനുമായുള്ള യുദ്ധം അവസാനിക്കുന്നതിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നും സൈനികമായി സംഘർഷം ഫലത്തിൽ അവസാനിച്ചുകഴിഞ്ഞെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ട്രംപിന്റെ പ്രതികരണം. ആക്രമണങ്ങൾ വീണ്ടും ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും യുദ്ധം വേഗത്തിൽ അവസാനിച്ചേക്കാമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നയതന്ത്ര ചർച്ചകളിലൂടെ സംഘർഷം അവസാനിക്കുമെന്ന പ്രതീക്ഷ ശക്തമായതോടെ ആഗോള എണ്ണവിലയിലും ഇടിവുണ്ടായി.

ഇറാൻ അമേരിക്കയുമായി സംസാരിക്കുന്നുണ്ടെന്നും വളരെ മാന്യമായ രീതിയിലാണ് പ്രതികരിക്കുന്നതെന്നും ട്രംപ് പറഞ്ഞു. സംഘർഷം അവസാനിപ്പിക്കുന്നതിലേക്കുള്ള മുന്നേറ്റമാണ് ഇപ്പോൾ കാണുന്നത്. നിലവിലെ സാഹചര്യം തുടരാൻ അനുവദിക്കുകയാണ്. അയൽരാജ്യങ്ങളുടെ അഭ്യർഥന മാനിച്ചാണ് ആക്രമണങ്ങൾ പുനരാരംഭിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ആവശ്യമെങ്കിൽ വീണ്ടും സൈനികമായി ഇടപെടാൻ അമേരിക്ക പൂർണ സജ്ജമാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. മുൻകരുതലിന്റെ ഭാഗമായി മറ്റൊരു വിമാനവാഹിനിക്കപ്പൽ കൂടി മധ്യപൂർവേഷ്യയിൽ എത്തിച്ചതായും ഇതോടെ മേഖലയിൽ അമേരിക്കയുടെ മൂന്ന് വിമാനവാഹിനിക്കപ്പലുകൾ സജ്ജമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അവ ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കില്ലെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ട്രംപ് ആവർത്തിച്ചു. യുദ്ധം അവസാനിക്കുന്നതിനെക്കുറിച്ച് ഉറപ്പുനൽകാനാകില്ലെന്നും വീണ്ടും ഇടപെടേണ്ടിവന്നാൽ അതിനുള്ള എല്ലാ സജ്ജീകരണങ്ങളും അമേരിക്കയ്ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തർ പ്രധാനമന്ത്രി വാഷിങ്ടണിൽ ട്രംപിനെയും അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയും കണ്ടിരുന്നു. ഒരു കരാറിലെത്താനും മേഖലയിൽ സമാധാനം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള അനുകൂലമായ ചർച്ചകളാണ് നടന്നതെന്ന് അദ്ദേഹം അറിയിച്ചു. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ വിപണികളിലും പ്രതിഫലിച്ചു. പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ കുറഞ്ഞതോടെ വാൾസ്ട്രീറ്റിൽ ഓഹരി വിപണിയും മുന്നേറ്റം രേഖപ്പെടുത്തി.

എന്നാൽ അമേരിക്കയുടെ പ്രസ്താവനകളെ ഇറാൻ പൂർണമായി അംഗീകരിച്ചിട്ടില്ല. ഇറാൻ മുന്നോട്ടുവച്ച ഏഴ് നിബന്ധനകൾ അമേരിക്ക അംഗീകരിക്കണമെന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ മൊഹ്സെൻ റെസായി ആവശ്യപ്പെട്ടു. സാങ്കൽപ്പിക ചർച്ചകളെക്കുറിച്ച് അമേരിക്ക വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അമേരിക്കയെ അനന്തമായ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ ഇസ്രയേൽ നിരന്തരം ശ്രമിക്കുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫും ആരോപിച്ചു. അതേസമയം, ഇറാനുമായുള്ള യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ ആഭ്യന്തര രാഷ്ട്രീയ വിവാദവും ശക്തമാകുകയാണ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗം തോമസ് മാസി പ്രമേയം സമർപ്പിച്ചു. കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇറാനുമായുള്ള യുദ്ധത്തിലേക്ക് കടന്നതിലൂടെ പ്രതിരോധ സെക്രട്ടറി നിയമവിരുദ്ധമായ ഉത്തരവുകൾ ബോധപൂർവം നടപ്പാക്കിയെന്നാണ് പ്രമേയത്തിലെ ആരോപണം.

ട്രംപിന്റെ സമാധാനപ്രതീക്ഷകൾക്കിടയിലും ഇറാന്റെ നിബന്ധനകളും അമേരിക്കയുടെ സൈനിക മുന്നറിയിപ്പുകളും നിലനിൽക്കുന്നതിനാൽ പശ്ചിമേഷ്യയിലെ സംഘർഷത്തിന് യഥാർഥത്തിൽ വിരാമമാകുമോ എന്നതാണ് ഇനി ഉറ്റുനോക്കുന്നത്.

You may also like