കൊല്ലം: ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമൺകാവ് സൊസൈറ്റി മുക്കിൽ അനിൽകുമാർ–രേഷ്മ ദമ്പതികളുടെ മകൻ ദേവദർശ് (11) ആണ് മരിച്ചത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് അമ്മ വഴക്കുപറഞ്ഞതിലുള്ള മനോവിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ വൈകിട്ടാണ് കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തോർത്ത് കെട്ടി തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിവരം അധ്യാപിക ഫോണിലൂടെ അറിയിച്ചതിനെത്തുടർന്ന് അമ്മ ദേവദർശിനെ വഴക്കുപറഞ്ഞിരുന്നു. ഇതിൽ കുട്ടി കടുത്ത മനോവിഷമത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കെഎൻഎസ് സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ദേവദർശ്. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
