തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്ന് പാർട്ടിയിൽ നടക്കുന്ന ചർച്ചകളിലെ വിമർശനങ്ങൾ മുൻ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് മാത്രം ചുരുക്കുന്നത് ശരിയല്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്. ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് മാത്രം വിജയപരാജയങ്ങളെ ചുരുക്കിക്കാണുന്നത് യാഥാർത്ഥ്യബോധമില്ലാത്ത വിലയിരുത്തലാണെന്നും വലിയൊരു പരാജയം ഉണ്ടാകുമ്പോൾ വിമർശനങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള സമഗ്രമായ പാർട്ടി ചർച്ചകൾ പുരോഗമിക്കുകയാണെന്നും അരുതാത്തത് എന്തോ സംഭവിച്ചു എന്ന് കരുതേണ്ടതില്ലെന്നും സ്വരാജ് വ്യക്തമാക്കി.
പാർട്ടി യോഗങ്ങളെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പലതും പൊട്ടും പൊടിയും ചേർത്തുള്ളതാണെന്നും യാഥാർത്ഥ്യവുമായി അതിന് ബന്ധമില്ലെന്നും അദ്ദേഹം വിമർശിച്ചു. തെരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു വ്യക്തിക്ക് പറ്റിയ വീഴ്ചയാണ് തോൽവിക്ക് കാരണമെന്ന് വിലയിരുത്തുന്നത് ശരിയല്ല. കേരളത്തിൽ മുൻപും ശക്തമായ പരാജയങ്ങൾ പാർട്ടി നേരിട്ടിട്ടുണ്ട്. അപ്പോഴൊന്നും തളർന്ന് നിരാശഭരിതരായി നാട് വിട്ടുപോകുന്നവരല്ല ഞങ്ങൾ. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരെ ഇത്തരം വാർത്തകളോ വിമർശനങ്ങളോ ബാധിക്കില്ല. വിജയിച്ചവരിൽ ഒരു പോളിറ്റ് ബ്യൂറോ അംഗം മാത്രമേയുള്ളൂ എന്ന പ്രസ്താവനകളെ പരാമർശിച്ച സ്വരാജ്, ഒരാൾ മാത്രമേ പാർട്ടിയുടെ ആലോചനയിൽ ഉണ്ടായിരുന്നുള്ളൂ എന്നും കൂട്ടിച്ചേർത്തു.
വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ പ്രഖ്യാപനങ്ങളെ തുടക്കത്തിൽ തന്നെ ശാപവാക്കുകൾ പറഞ്ഞ് എതിർക്കാൻ ഉദ്ദേശിക്കുന്നില്ല. പുതിയ സർക്കാർ വരുമ്പോൾ ജനപ്രീതി ലക്ഷ്യമിട്ടുള്ള തീരുമാനങ്ങൾ സ്വാഭാവികമാണ്. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുൻ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പങ്കെടുത്തത് ചൂണ്ടിക്കാട്ടിയ സ്വരാജ്, തങ്ങൾ ജനവിരുദ്ധമായ പ്രതിപക്ഷമാകില്ലെന്നും നാടിന് ഗുണകരമായ നല്ലൊരു ക്രിയാത്മക പ്രതിപക്ഷമായി നിയമസഭയിൽ പ്രവർത്തിക്കുമെന്നും ഉറപ്പുനൽകി. സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തിയാകും പ്രതിപക്ഷത്തിന്റെ പിന്തുണ. അവർ തെറ്റായ വഴിയിലൂടെ പോയാൽ അതിനെ ശക്തമായിത്തന്നെ തിരുത്തും. വലതുപക്ഷ രാഷ്ട്രീയത്തിന് സമൂഹത്തിൽ എപ്പോഴും ചില പ്രിവിലേജുകൾ ലഭിക്കാറുണ്ട്. എന്നാൽ ഇടതുപക്ഷത്തിന് നേരിയ ഒരു പിശക് പോലും സംഭവിക്കരുത് എന്ന് സമൂഹത്തിന് വാശിയുണ്ട്. മുഖ്യമന്ത്രിയുടെ ബന്ധുവായിപ്പോയി എന്ന ഒരൊറ്റ കാരണം കൊണ്ടാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പി.എ. മുഹമ്മദ് റിയാസിനെതിരെ വലിയ തോതിലുള്ള വേട്ടയാടലുകളും വിമർശനങ്ങളും ഉണ്ടായതെന്നും എം. സ്വരാജ് വ്യക്തമാക്കി.

