Home Top StoriesCMRL–എക്സാലോജിക് സാമ്പത്തിക ഇടപാട്; 85 ലക്ഷം രൂപ ദുബായിലേക്ക് കൈമാറിയെന്ന കണ്ടെത്തൽ, വീണക്കെതിരെ പുതിയ കേസ്

CMRL–എക്സാലോജിക് സാമ്പത്തിക ഇടപാട്; 85 ലക്ഷം രൂപ ദുബായിലേക്ക് കൈമാറിയെന്ന കണ്ടെത്തൽ, വീണക്കെതിരെ പുതിയ കേസ്

by news_desk1
0 comments

കൊച്ചി: CMRL–എക്സാലോജിക് സൊല്യൂഷൻസ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്സാലോജിക് മാനേജിംഗ് ഡയറക്ടർ വീണ ടി.ക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം. 85 ലക്ഷം രൂപ ദുബായിലേക്ക് കൈമാറിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഫെമ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് തീരുമാനം. പണം ആർക്കാണ് കൈമാറിയതെന്ന് വിശദമായി പരിശോധിക്കും.

വീണയുടെ പ്രഖ്യാപിത വരുമാനത്തിന് അപ്പുറമുള്ള സാമ്പത്തിക ഇടപാടുകളും ഇഡി വിശദമായി പരിശോധിക്കും. ഇതിന്റെ ഭാഗമായി വിദേശത്തേക്കുള്ള പണമിടപാടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക വിവരങ്ങൾ അന്വേഷണ വിധേയമാക്കും.

അതേസമയം, മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ടും ഇഡി വിശദമായ പരിശോധന നടത്തും. 2021ൽ സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. നിഖിലിന്റെ സൊലസ് എന്ന പരസ്യകമ്പനിക്ക് വീണ പണം നൽകിയതായി ഇഡി കണ്ടെത്തിയിരുന്നു. ഈ തുക CMRLൽ നിന്ന് ലഭിച്ച പണമാണോ സൊലസ് കമ്പനിക്ക് നൽകിയതെന്ന് വ്യക്തമായിട്ടില്ല.

സൊലസ് കമ്പനിയുമായുള്ള ഇടപാടുകളുടെ വിവരങ്ങൾ വീണയുടെ ഡയറിയിൽ നിന്നാണ് ഇഡിക്ക് ലഭിച്ചതെന്നാണ് വിവരം. മേയ് 27ന് വീണയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഡയറിയിലെ ഒന്നുമുതൽ ഒൻപത് വരെയുള്ള പേജുകൾ കേസിൽ നിർണായകമാണെന്ന് ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡയറിയിലെ കണക്കുകൾ പ്രകാരം ഏകദേശം 85 ലക്ഷം രൂപ വീണ ദുബായിലേക്ക് കൈമാറിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. പണം കൈമാറിയത് ആർക്കാണെന്നതിൽ കൂടുതൽ അന്വേഷണം നടത്തും.

മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡ് ഉപയോഗിച്ച് ഇന്റർനെറ്റ് കോളുകൾ നടത്തിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതിനായി ഉപയോഗിച്ച സിം കാർഡിന്റെ ചിത്രവും അന്വേഷണ സംഘത്തിന് ലഭിച്ചു. ഡിവൈഎഫ്ഐ നേതാവ് നന്ദുലാലിന്റെ പേരിലാണ് സിം കാർഡ് എടുത്തതെന്നാണ് ഇഡിക്ക് ലഭിച്ച വിവരം.

മുഹമ്മദ് റിയാസും വീണയും പറഞ്ഞതിനെ തുടർന്നാണ് സിം കാർഡ് എടുത്തുനൽകിയതെന്നും അത് എന്തിനായി ഉപയോഗിച്ചുവെന്ന് അറിയില്ലെന്നും നന്ദുലാൽ മൊഴി നൽകിയതായി വിവരം.

അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിൽ തന്നെയാണ് സി.പി.ഐ.എം. ഇഡി റെയ്ഡുകളിൽ ഭയന്ന് പിന്മാറില്ലെന്നും ബിജെപി ഉയർത്തുന്ന രാഷ്ട്രീയത്തിനെതിരായ പോരാട്ടം തുടരുമെന്നും പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു.

You may also like