Home WORLD CUP 26ലോക യൂത്ത് കപ്പിൽ ചരിത്രമുത്തമിട്ട് ഇന്ത്യയുടെ മിനർവ അക്കാദമി; ഫൈനലിൽ ബ്രസീലിനെ തകർത്ത് കിരീടം ചൂടി

ലോക യൂത്ത് കപ്പിൽ ചരിത്രമുത്തമിട്ട് ഇന്ത്യയുടെ മിനർവ അക്കാദമി; ഫൈനലിൽ ബ്രസീലിനെ തകർത്ത് കിരീടം ചൂടി

by news_desk
0 comments

കോടിക്കണക്കിന് വരുന്ന ഇന്ത്യൻ കായികപ്രേമികളുടെ നെഞ്ചിൽ കാലങ്ങളായി എരിയുന്ന ഒരു വലിയ ചോദ്യമുണ്ട്… എന്ന് കാണാം നമുക്ക് ആ ലോകകപ്പ് മൈതാനങ്ങളിൽ നീലക്കുപ്പായമിട്ട് നമ്മുടെ പിള്ളേർ ബൂട്ട് അണിയുന്നത്? അതെ… ആ ചോദ്യത്തിന് സ്വപ്നതുല്യമായ വിജയങ്ങളിലൂടെ ഇതാ പുതിയൊരു സുവർണ്ണ ചരിത്രം കുറിച്ചിരിക്കുകയാണ് പഞ്ചാബിലെ മിനർവ അക്കാദമി! യൂറോപ്യൻ-ലാറ്റിനമേരിക്കൻ വമ്പന്മാരുടെ നെഞ്ച് പിളർന്ന് ഇന്ത്യൻ കുട്ടികൾ ലോകം കീഴടക്കുന്ന അതിശയക്കാഴ്ചയ്ക്കാണ് ഫുട്ബോൾ ലോകം ഇപ്പോൾ സാക്ഷ്യം വഹിച്ചിരിക്കുന്നത്.

വിശ്വസിക്കാൻ പ്രയാസമായിരിക്കും, പക്ഷേ ഇതാണ് യാഥാർത്ഥ്യം! ലോക യൂത്ത് കപ്പ് ചാമ്പ്യൻഷിപ്പിൽ എതിരാളികളെ ഒന്നൊന്നായി തരിപ്പണമാക്കി മുന്നേറിയ ഇന്ത്യൻ ക്ലബ്ബായ മിനർവ അക്കാദമി ഒടുവിൽ ലോകകിരീടത്തിൽ മുത്തമിട്ടിരിക്കുന്നു. ആവേശം കൊടുമുടി കയറിയ കലാശപ്പോരാട്ടത്തിൽ ലോക ഫുട്ബോളിലെ അതികായന്മാരായ ബ്രസീലിന്റെ ആർ.എസ് സ്പോർട്സ് യെല്ലോസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് മിനർവ ലോക ചാമ്പ്യന്മാരായത്. കിരീടത്തിലേക്കുള്ള ഈ അശ്വമേധത്തിലുടനീളം അവിശ്വസനീയമായ 87 ഗോളുകളാണ് (ഫൈനലിലെ രണ്ട് ഗോളുകൾ ഉൾപ്പെടെ) ഇന്ത്യൻ കുട്ടികൾ എതിർപോസ്റ്റിലേക്ക് അടിച്ചുകയറ്റിയത്.

മിനർവയുടെ ഈ ലോകകപ്പ് വിജയപാത ഏതൊരു ഫുട്ബോൾ പ്രേമിയെയും അമ്പരപ്പിക്കുന്നതാണ്. പ്രീ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിലെ കരുത്തരായ എഫ്.സി കോർണസിനെ എതിരില്ലാത്ത 17 ഗോളുകൾക്കാണ് ഇന്ത്യൻ അക്കാദമി നാമാവശേഷമാക്കിയത്. തുടർന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ ബൊളീവിയൻ യൂത്ത് ക്ലബ്ബായ കാഞ്ചേരിറ്റസ് എഫ്.സിയെ എതിരില്ലാത്ത 8 ഗോളുകൾക്ക് തകർത്തുവിട്ടു. ആവേശം നിറഞ്ഞ സെമിഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഉക്രൈൻ യൂത്ത് ക്ലബ് ലോക്കോമോട്ടിവ് എഫ്.സിയെ 3-2 എന്ന സ്കോറിനാണ് മിനർവ അക്കാദമി വീഴ്ത്തിയത്. ഈ സ്വപ്നതുല്യമായ കുതിപ്പിനൊടുവിലാണ് ഫൈനലിൽ ബ്രസീലിനെയും മുട്ടുകുത്തിച്ച് ഇന്ത്യൻ കൗമാരപ്പട ലോക ഫുട്ബോളിന്റെ നെറുകയിൽ എത്തിയത്.

You may also like