കോഴിക്കോട്: വഖഫ് ബോർഡിനെ അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് സർക്കാറിന് യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദീൻ. വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചാൽ തിരിച്ചടിയാകുമെന്നുമാണ് മന്ത്രി അഭിപ്രായപ്പെട്ടത്.
നാല് പരാതികളും തള്ളണമെന്നാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടതെന്നും അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ ചിലർ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ സർക്കാർ വഖഫ് ബോർഡ് അംഗങ്ങളെ നിയമിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നുവെന്നും, അത് തിരുത്താനാണ് സർക്കാർ ശ്രമിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടെയാണ് കേസ് കോടതിയിലെത്തിയത്. സർക്കാർ നിലപാട് സമസ്ത അടക്കമുള്ള മതപണ്ഡിതരെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമുസ്ലിം പ്രാതിനിധ്യത്തെക്കുറിച്ച് സർക്കാർ യാതൊരു നിലപാടും കോടതിയിൽ അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സുപ്രഭാതം പത്രത്തിന്റെ വിമർശനം വസ്തുതകൾ മനസ്സിലാക്കാതെയാണെന്നും അദ്ദേഹം ആരോപിച്ചു.
വ്യത്യസ്ത ക്വാട്ടകൾ പാലിക്കാതെയാണ് നിലവിലെ വഖഫ് ബോർഡ് രൂപീകരിച്ചതെന്നും, മുൻ സർക്കാർ നിയമിച്ച ബോർഡിലുള്ളവരാണ് ഇപ്പോൾ വിമർശനവുമായി രംഗത്തുവരുന്നതെന്നും മന്ത്രി പറഞ്ഞു.
വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള എല്ലാ അധികാരവും സർക്കാറിനുണ്ടെന്നും, പരാതിക്കാരനായ ബിജെപി നേതാവിന്റെ വാദത്തെ സർക്കാർ പിന്തുണച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടിലെ കേസിൽ അമുസ്ലിം അംഗങ്ങളുടെ പേര് നൽകാനാണ് കോടതി നിർദേശിച്ചതെന്നും, അതിനോടൊപ്പമാണ് ഈ അപ്പീലും പരിഗണിച്ചതെന്നും മന്ത്രി വിശദീകരിച്ചു.

