ആലപ്പുഴ: ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു. ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം വിതരണം ചെയ്യാൻ പാടില്ലെന്നും, പകരം കമ്മ്യൂണിറ്റി കിച്ചൻ മാതൃകയിൽ ഭക്ഷണം നൽകാമെന്നും മന്ത്രി വ്യക്തമാക്കി.
ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതിയുടെ ആദ്യഘട്ടം ആലപ്പുഴ മെഡിക്കൽ കോളേജിൽ തന്നെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രികളിലെ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജി. സുധാകരൻ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് കമ്മ്യൂണിറ്റി കിച്ചൻ പദ്ധതിയുമായി സർക്കാർ രംഗത്തെത്തിയത്.
അതേസമയം, ആശുപത്രികളിൽ നടക്കുന്ന പൊതിച്ചോറ് വിതരണത്തിന് പകരമായുള്ള സംവിധാനമായാണ് മന്ത്രിയുടെ പ്രഖ്യാപനത്തെ രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്. പൊതിച്ചോറ് വിതരണത്തെ വിമർശിച്ച് ജി. സുധാകരൻ നടത്തിയ പ്രസ്താവന പിന്നീട് അദ്ദേഹം മയപ്പെടുത്തിയിരുന്നു.

