ലോകകപ്പ് കലാശപ്പോരാട്ടത്തിൽ അർജന്റീനയും സ്പെയിനും നേർക്കുനേർ വരുമ്പോൾ കായിക ലോകം ഒരേപോലെ ഉറ്റുനോക്കുന്നത് ഒരൊറ്റ ചോദ്യത്തിലേക്കാണ്; സ്പെയിന്റെ പത്തൊമ്പതുകാരൻ അത്ഭുത ബാലൻ ലമീൻ യമാലിനെ അർജന്റീനൻ പ്രതിരോധം എങ്ങനെ പൂട്ടും? ഫൈനലിന് മുന്നോടിയായി നടന്ന ഔദ്യോഗിക വാർത്താസമ്മേളനത്തിൽ അർജന്റീനൻ പരിശീലകൻ ലയണൽ സ്കലോണിയോടും മാധ്യമപ്രവർത്തകർ ചോദിച്ചത് ഇതേ ചോദ്യമായിരുന്നു. എന്നാൽ സ്കലോണിയുടെ മറുപടി കേട്ട് വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർക്ക് പോലും ചിരി അടക്കാനായില്ല.
മൈതാനത്ത് ലമീൻ യമാലിനെ തടയാൻ എന്ത് തന്ത്രമാണ് ഒരുക്കിയിട്ടുള്ളതെന്ന ചോദ്യത്തിന്, “അവനെ തടയണമെങ്കിൽ വല്ല മുറിയിലും പൂട്ടിയിടേണ്ടി വരും” എന്നായിരുന്നു ചിരിച്ചുകൊണ്ട് സ്കലോണിയുടെ തമാശരൂപേണയുള്ള പ്രതികരണം. ഈ ലൈറ്റ് ബോയ്സ് മറുപടിക്ക് ശേഷം സ്പാനിഷ് അത്ഭുത പ്രതിഭയെ വാനോളം പുകഴ്ത്താനും അർജന്റീനയുടെ തന്ത്രജ്ഞനായ ആശാൻ മറന്നില്ല. യമാൽ ഫുട്ബോൾ ലോകത്തിന് ലഭിച്ച ഒരു വലിയ ഭാഗ്യമാണെന്ന് സ്കലോണി കൂട്ടിച്ചേർത്തു.
“യമാൽ ഫുട്ബോളിന് കിട്ടിയ വലിയൊരു നിധിയാണ്. അവൻ ഇപ്പോഴും വളരെ ചെറുപ്പമാണ്, എന്നാൽ കളിയിൽ അവൻ കാണിക്കുന്ന പക്വത അത്ഭുതപ്പെടുത്തുന്നതാണ്. ഇനിയും ഒരുപാട് കാര്യങ്ങൾ ഫുട്ബോൾ ലോകത്തിന് നൽകാൻ അവന് കഴിയും. സ്പെയിൻ ടീമിനും ഈ മനോഹരമായ ഗെയിമിനും അവൻ നൽകുന്ന സംഭാവനകൾ അത്രമേൽ വലുതാണ്,” സ്കലോണി വ്യക്തമാക്കി.
ടൂർണമെന്റിലുടനീളം വിംഗുകളിലൂടെ കൊടുങ്കാറ്റായി മാറി എതിരാളികളുടെ പ്രതിരോധക്കോട്ടകൾ തകർത്ത ലമീൻ യമാലിനെ തടയുക എന്നത് അർജന്റീനൻ പ്രതിരോധ നിരയ്ക്ക് വലിയ വെല്ലുവിളി തന്നെയാണ്. സ്കലോണി പ്രസ് മീറ്റിൽ തമാശയായി പറഞ്ഞതാണെങ്കിലും, യമാലിന്റെ അസാധാരണ വേഗതയ്ക്ക് തടയിടാൻ മൈതാനത്ത് കടുത്ത അടവുകൾ തന്നെ അർജന്റീന പയറ്റുമെന്നുറപ്പാണ്. ലിയോണൽ മെസിയുടെ അർജന്റീനയും ലമീൻ യമാലിന്റെ സ്പെയിനും നേർക്കുനേർ വരുന്ന ആവേശപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ആഗോള ഫുട്ബോൾ ആരാധകർ ആവേശത്തിന്റെ കൊടുമുടിയിലാണ്.

