ആലപ്പുഴ: പിഎസ്‌സിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയിലേക്കുള്ള പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് ഇന്നത്തെ പരീക്ഷ റദ്ദാക്കി. ആലപ്പുഴ ലജനത് സ്‌കൂളിൽ നടന്ന പരീക്ഷയിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടത്താനിരുന്ന വിവിധ കമ്പനി/കോർപ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ഉൾപ്പെടെയുള്ള തസ്തികകൾക്കായുള്ള പത്താംതരം പൊതു പ്രാഥമിക പരീക്ഷയാണ് റദ്ദാക്കിയത്.
കമ്പനി ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയ്ക്കുള്ള ചോദ്യപേപ്പറാണ് തെറ്റായി വിതരണം ചെയ്തത്. ഇതോടെയാണ് പരീക്ഷ റദ്ദാക്കാൻ പിഎസ്‌സി തീരുമാനിച്ചത്. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ റദ്ദാക്കിയതെന്നാണ് പിഎസ്‌സിയുടെ വിശദീകരണം.
പിഎസ്‌സി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത് ഇങ്ങനെ:
“ആലപ്പുഴ ജില്ലയിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ ചോദ്യപേപ്പർ മാറിപ്പോയതിനാൽ ഇന്ന് (18.07.2026) ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന വിവിധ കമ്പനി/കോർപ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ഉൾപ്പെടെയുള്ള തസ്തികകൾക്കായുള്ള പത്താംതരം പൊതു പ്രാഥമിക പരീക്ഷ റദ്ദാക്കിയിരിക്കുന്നു. ഇതേ തസ്തികയ്ക്കായി രാവിലെ നടത്തിയ പൊതു പ്രാഥമിക പരീക്ഷ വിജയകരമായി പൂർത്തിയായിട്ടുണ്ട്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്.”
സംഭവത്തിൽ അന്വേഷണം നടത്താൻ പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ ആരംഭിക്കുമെന്നും, പുതുക്കിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു.

