Home Top Storiesമുഖ്യമന്ത്രി-കെഎസ്‌യു വിവാദം; വി.ഡി. സതീശന്റെ നിലപാടിൽ അതൃപ്തി, പോരാട്ടങ്ങളെ മറക്കരുതെന്ന് ഹൈക്കമാൻഡ്

മുഖ്യമന്ത്രി-കെഎസ്‌യു വിവാദം; വി.ഡി. സതീശന്റെ നിലപാടിൽ അതൃപ്തി, പോരാട്ടങ്ങളെ മറക്കരുതെന്ന് ഹൈക്കമാൻഡ്

by news_desk1
0 comments

ന്യൂഡൽഹി: മുഖ്യമന്ത്രി-കെഎസ്‌യു തർക്കവുമായി ബന്ധപ്പെട്ട വിവാദത്തിൽ വി.ഡി. സതീശന്റെ നിലപാടിൽ അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയായില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രതിപക്ഷത്തായിരുന്ന കാലത്ത് കെഎസ്‌യുവും യൂത്ത് കോൺഗ്രസും നടത്തിയ പോരാട്ടങ്ങൾ മറക്കാൻ പാടില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി. അതേസമയം, അഭിപ്രായ വ്യത്യാസങ്ങൾ പൊതുവേദികളിൽ പ്രകടിപ്പിക്കുന്നതിന് പകരം പാർട്ടിയുടെ ആഭ്യന്തര സംവിധാനങ്ങളിലൂടെ അറിയിക്കണമെന്ന നിർദേശവും നേതൃത്വം മുന്നോട്ടുവച്ചു.

കെഎസ്‌യു അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്നായിരുന്നു ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുമ്പും കെഎസ്‌യു നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ടെന്നും, പരാതികളുണ്ടെങ്കിൽ പാർട്ടി അത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മുൻകൈയെടുത്ത് വിഷയം പരിഹരിക്കുമെന്നാണ് വിശ്വാസമെന്നും, അഭിപ്രായങ്ങൾ പറയുന്നതിന് ചില രീതികളുണ്ടെന്നും മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ അറിയിക്കാമായിരുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി-കെഎസ്‌യു തർക്കവുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണങ്ങളിൽ അതൃപ്തി അറിയിച്ച് കെ.സി. വേണുഗോപാൽ എംപിയും രംഗത്തെത്തി. പ്രവർത്തകർക്ക് എന്തെങ്കിലും വിഷമം ഉണ്ടായാൽ അത് ബന്ധപ്പെട്ട പാർട്ടി വേദികളിൽ അറിയിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. പാർട്ടി അത് പരിശോധിക്കുമെന്നും, പാർട്ടി പ്രവർത്തകർക്ക് വിഷമം ഉണ്ടാക്കുന്ന നടപടികൾ ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ പ്രതീക്ഷയോടെ കാണുന്ന സർക്കാരാണ് നിലവിലുള്ളതെന്നും, സ്വന്തം ഭാഗത്ത് നിന്നുള്ള അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും കെ.സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു.

വിവാദങ്ങൾക്കിടെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പരസ്യമായി അഭിനന്ദിച്ചു. ആരുടെയും മുന്നിൽ ആർജവത്തോടെ സ്വന്തം നിലപാട് തുറന്നുപറയാൻ ധൈര്യമുള്ള നേതാവാണ് അലോഷ്യസ് സേവ്യറെന്ന് അദ്ദേഹം പറഞ്ഞു. താത്കാലികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാമെങ്കിലും ധൈര്യത്തോടെ മുന്നോട്ട് പോകണമെന്നും വി.എം. സുധീരൻ ആഹ്വാനം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

You may also like