കൊച്ചി: വിദ്യാരത്‌ന അവാർഡ് വിതരണ ചടങ്ങിൽ സ്വന്തം അധ്യാപകരെ സ്മരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഈ നാട്ടിലെ ഏറ്റവും ഉദാത്തമായ ജോലി അധ്യാപകരുടേതാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മിനിറ്റിലും പുതിയ അറിവുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് അറിവുകൾ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അതുകൊണ്ടുതന്നെ അധ്യാപക ജോലി ഇന്ന് കൂടുതൽ വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ കാലത്തിനനുസരിച്ച് കുട്ടികളെ വാർത്തെടുക്കുന്നതിൽ അധ്യാപകർക്ക് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
ലഹരി മാഫിയകൾ സമൂഹത്തിൽ പിടിമുറുക്കുന്ന ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി അധ്യാപകർക്ക് പുനരധിവിന്യാസവും പുതിയ പരിശീലനങ്ങളും നൽകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇക്കാര്യം സർക്കാർ ഗൗരവമായി പരിഗണിച്ചുവരികയാണെന്നും വ്യക്തമാക്കി.
വിദ്യാരത്‌ന അവാർഡുകൾ ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ഹൈബി ഈഡൻ എം.പി. ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

