തിരുവനന്തപുരം: ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ട നിക്ഷേപ വിവാദങ്ങൾക്കിടെ, മുഖ്യമന്ത്രി വി.ഡി. സതീശൻ ടാറ്റ ഗ്രൂപ്പ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം പുറത്തുവിട്ട് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ലെന്നും ടാറ്റ പ്രതിനിധികൾ സർക്കാരിനെ സന്ദർശിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭാ സമ്മേളന കാലത്താണ് കൂടിക്കാഴ്ച നടന്നതെന്നും ഷിപ്പിംഗ് മേഖലയുമായി ബന്ധപ്പെട്ട പദ്ധതിയെക്കുറിച്ചാണ് ചർച്ച നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയുടെ തുടർച്ചയുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ചയെന്നും ചിത്രത്തിൽ താനും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പരാമർശിച്ചത് ആകെ നിക്ഷേപ സാധ്യതയെക്കുറിച്ചാണെന്നും അതുസംബന്ധിച്ച് മുഖ്യമന്ത്രി നേരത്തെ തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ടാറ്റയുടെ നിക്ഷേപ നിർദേശവുമായി ബന്ധപ്പെട്ട നടപടികൾ നിലവിലുണ്ടെന്നും, മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ധാരണാപത്രത്തിന്റെ ഘട്ടത്തിലുണ്ടായിരുന്ന വിഷയം ഇപ്പോൾ ഔദ്യോഗിക ചർച്ചകളിലേക്ക് എത്തിയതാണെന്നും അദ്ദേഹം വിശദീകരിച്ചു. മലബാർ സിമന്റ് ഉൾപ്പെടെയുള്ള കരാർ വിഷയങ്ങൾ പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളെന്നും കൂട്ടിച്ചേർത്തു.
“ടാറ്റ പ്രതിനിധികൾ വന്നുവെന്നാണ് ഞാൻ പറഞ്ഞത്. 10,000 കോടി രൂപയുടെ നിക്ഷേപം ഉറപ്പായെന്ന് ഞാൻ പറഞ്ഞിട്ടില്ല,” എന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. ഷിപ്പിംഗ് മേഖലയുമായി ബന്ധപ്പെട്ട പദ്ധതിയാണ് ചർച്ചയായതെന്നും മുഖ്യമന്ത്രി ടാറ്റയുടെ പേരിൽ കള്ളം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, സംസ്ഥാന സർക്കാരിന്റെ മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി കേരളത്തിൽ 10,000 കോടി രൂപയുടെ കപ്പൽ നിർമാണശാലയ്ക്ക് ടാറ്റ ഗ്രൂപ്പ് അനുമതി തേടിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞിരുന്നു. എന്നാൽ ഈ അവകാശവാദം ടാറ്റ ഗ്രൂപ്പ് തള്ളുകയായിരുന്നു. സംസ്ഥാന സർക്കാരിന് യാതൊരു നിക്ഷേപ നിർദേശവും നൽകിയിട്ടില്ലെന്നും നിലവിൽ 10,000 കോടി രൂപയുടെ നിക്ഷേപ പദ്ധതി പരിഗണനയിലില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
ടാറ്റ ഗ്രൂപ്പിന് നിലവിൽ കപ്പൽ നിർമാണ പദ്ധതികളില്ലെന്നും, സ്റ്റീൽ, ഓട്ടോമൊബൈൽ, ഐ.ടി., വ്യോമയാനം തുടങ്ങിയ മേഖലകളിലാണ് ഗ്രൂപ്പ് പ്രവർത്തിക്കുന്നതെന്നും കപ്പൽ നിർമാണ രംഗത്തേക്ക് പ്രവേശിക്കാനുള്ള പദ്ധതി നിലവിൽ ഇല്ലെന്നും കമ്പനി പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു.

