തൃശൂർ: ദേശീയപാത 544-ലെ വടക്കഞ്ചേരി–മണ്ണുത്തി ആറുവരിപ്പാതയിലെ വടക്കഞ്ചേരി ഇടതുമേൽപ്പാലം വീണ്ടും അറ്റകുറ്റപ്പണികൾക്കായി അടച്ചു. 2021-ൽ ഗതാഗതത്തിനായി തുറന്ന പാലത്തിൽ അറ്റകുറ്റപ്പണികൾ 101-ാം തവണയിലേക്ക് കടന്നതോടെ, മേൽപ്പാലത്തിന്റെ നിർമാണ നിലവാരത്തെക്കുറിച്ചുള്ള ആശങ്ക ശക്തമാകുകയാണ്.
പാലത്തിലെ ജോയിന്റുകളിൽ വിള്ളൽ രൂപപ്പെടുകയും വാഹനങ്ങൾ കടന്നുപോകുമ്പോൾ ശക്തമായ ശബ്ദവും കുലുക്കവും അനുഭവപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് തൃശൂർ ദിശയിലേക്കുള്ള മൂന്ന് വരിപ്പാത പൂർണമായും അടച്ചത്. നിലവിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹനങ്ങളെ വടക്കഞ്ചേരി വലതു മേൽപ്പാലത്തിന്റെ ഇടതുവശം വഴി തിരിച്ചുവിടുകയാണ്.
പാലക്കാട് ഭാഗത്തേക്കുള്ള മേൽപ്പാലത്തിൽ കഴിഞ്ഞ മേയ് 16 മുതൽ നടന്ന അറ്റകുറ്റപ്പണികൾ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ആ ഭാഗത്തെ ഗതാഗതം പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് തൃശൂർ ഭാഗത്തെ മേൽപ്പാലം അടച്ച് ജോയിന്റുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചത്. തകർന്ന ജോയിന്റുകളിൽ ഇരുമ്പുപാളികൾ ഘടിപ്പിച്ച് കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. പണികൾ പൂർത്തിയാക്കി ഗതാഗതം പൂർണമായും സാധാരണ നിലയിലാക്കാൻ ഒന്നര മാസമെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
2021 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത പാലത്തിൽ തുടർച്ചയായി അറ്റകുറ്റപ്പണികൾ നടത്തേണ്ടിവരുന്നത് യാത്രക്കാരിലും നാട്ടുകാരിലും ആശങ്ക വർധിപ്പിക്കുകയാണ്. പതിവ് അറ്റകുറ്റപ്പണികൾ മാത്രമാണെന്നാണ് നിർമാണ കമ്പനിയുടെ വിശദീകരണം. എന്നാൽ ഇത്രയും തവണ പാലം കുത്തിപ്പൊളിച്ച് അറ്റകുറ്റപ്പണി നടത്തേണ്ടി വരുന്നത് നിർമാണത്തിലെ അപാകതകളുടെ തെളിവാണെന്നാണ് നാട്ടുകാരുടെ ആരോപണം.
ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ദേശീയപാതയിൽ ആവർത്തിച്ചുള്ള അറ്റകുറ്റപ്പണികൾ രൂക്ഷമായ ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും ഇടയാക്കുകയാണ്. മേൽപ്പാലത്തിന്റെ ഘടനാപരമായ സുരക്ഷ വിലയിരുത്താൻ സ്വതന്ത്ര വിദഗ്ധ സമിതിയെ നിയോഗിച്ച് സമഗ്ര പരിശോധന നടത്തണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ശക്തമാകുകയാണ്.

